
ന്യൂഡൽഹി: മാർച്ചിൽ ഇന്ത്യയിൽ തൊഴിൽ നിയമനങ്ങൾ 18 ശതമാനം കുറഞ്ഞു. യാത്രാ, എയർലൈൻസ്, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ വ്യവസായങ്ങൾ 2019 മാർച്ചിനെ അപേക്ഷിച്ച് 56 ശതമാനം ഇടിവ് രേഖപ്പെടുത്തി. പ്രമുഖ തൊഴിൽ പോർട്ടലായ നൌക്രി ഡോട്ട് കോം ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2020 മാർച്ചിലെ ആദ്യ 20 ദിവസങ്ങളിൽ തന്നെ ജോലിക്കാരുടെ നിയമനങ്ങളിൽ അഞ്ച് ശതമാനം കുറവുണ്ടായതായി നൗക്രി ഡോട്ട് കോമിന്റെ ചീഫ് ബിസിനസ് ഓഫീസർ പവൻ ഗോയൽ പറഞ്ഞു.
വിവിധ മേഖലകൾ
റീട്ടെയിൽ മേഖലയിൽ നിയമനത്തിൽ 50 ശതമാനം കുറവുണ്ടായി. ഓട്ടോ, അതിനനുബന്ധ മേഖലയിൽ നിയമനം 38 ശതമാനം കുറഞ്ഞു. ഫാർമ മേഖലയിൽ 26 ശതമാനം, ഇൻഷുറൻസ് മേഖലയിൽ 11 ശതമാനം, അക്കൌണ്ടിംഗ് / ഫിനാൻസ് മേഖലയിൽ 10 ശതമാനം, ഐടി-സോഫ്റ്റ്വെയർ മേഖലയിൽ 9 ശതമാനം എന്നിങ്ങനെ ഇടിവുണ്ടായതാണ് 2020 മാർച്ചിലെ നൌക്രി ജോബ്‌സ്പീക്ക് സൂചിക വ്യക്തമാക്കുന്നത്. രാജ്യവ്യാപകമായി ലോക്ക്ഡൗൺ കാരണം, കഴിഞ്ഞ 10 ദിവസങ്ങളിൽ നിയമന പ്രവർത്തനങ്ങളിൽ ഗണ്യമായ കുറവുണ്ടായി എന്നും ഇത് നിയമനത്തിൽ 18 ശതമാനം കുറവുണ്ടാക്കിയതായും ഗോയൽ പറഞ്ഞു.
ഈ വർഷം ആദ്യം
നിയമനങ്ങളിൽ ഈ വർഷം ആദ്യം മുതൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതൽ മാന്ദ്യത്തിന്റെ ആദ്യ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. ജനുവരിയിൽ സൂചിക 5.75 ശതമാനം മാത്രമേ വളർച്ച നേടിയിട്ടുള്ളൂ. അതേസമയം ഫെബ്രുവരിയിൽ വളർച്ച നേടിയിട്ടുമില്ല. നഗരങ്ങളിലുടനീളം വിവിധ തൊഴിൽ മേഖലകളിൽ നിയമനങ്ങളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മെട്രോകളാണ് ഏറ്റവും കൂടുതൽ ഇടിവ് നേരിട്ടത്. ഡൽഹിയിൽ 26 ശതമാനവും ചെന്നൈയിലും ഹൈദരാബാദിലും നിയമനങ്ങൾ യഥാക്രമം 24 ശതമാനവും 18 ശതമാനവും കുറഞ്ഞു.
റിക്രൂട്ട്മെന്റുകൾ കുറഞ്ഞു
ഡൽഹി / എൻസിആർ എന്നിവിടങ്ങളിൽ ഫാർമ മേഖലയിൽ യഥാക്രമം 66 ശതമാനവും 43 ശതമാനവും നിയമനം കുറഞ്ഞു. എല്ലാ മേഖലകളിലും റിക്രൂട്ട്‌മെന്റുകളും കുറഞ്ഞു. ഹോസ്പിറ്റാലിറ്റി (63 ശതമാനം), ബാങ്കിംഗ് (28 ശതമാനം), അക്കൗണ്ടിംഗ് (23 ശതമാനം), ഐടി-ഹാർഡ്‌വെയർ (22 ശതമാനം) എന്നിങ്ങനെ കുറവ് രേഖപ്പെടുത്തി. സീനിയർ എക്സ്പീരിയൻസ് വിഭാഗത്തിൽപ്പെടുന്നവരുടെ (13 വർഷത്തിലേറെ പരിചയമുള്ളവർ) നിയമനങ്ങളിൽ 29 ശതമാനം ഇടിവ് രേഖപ്പെടുത്തി. എൻട്രി ലെവൽ എക്സ്പീരിയൻസ് വിഭാഗത്തിൽപ്പെടുന്നവരുടെ (0 മുതൽ 7 വർഷം വരെ) നിയമനം 16 ശതമാനം ഇടിഞ്ഞു.
നിയമനങ്ങളുടെ കുറവ്
വൈറ്റ് കോളർ വിഭാഗത്തിലെ ഇന്ത്യയിൽ ജോലിയുടെ പ്രധാന അടിത്തറ സൃഷ്ടിക്കുന്ന ഐടി, ബിപിഒ / ഐടിഇഎസ്, ബിഎഫ്എസ്ഐ, അക്കൌണ്ടിംഗ് / ഫിനാൻസ് തുടങ്ങിയ ചില പ്രധാന മേഖലകളിൽ ഈ കാലഘട്ടത്തിൽ കുറഞ്ഞ നിയമന ഇടിവ് മാത്രമേ കാണിക്കുന്നുള്ളൂ. 2020 മാർച്ചിൽ മൊത്തത്തിലുള്ള 'ജോബ്‌സ്പീക്ക്' സൂചിക 18 ശതമാനത്തിന്റെ ഇടിവുമായി താരതമ്യം ചെയ്യുമ്പോൾ, ഐടി-സോഫ്റ്റ്വെയർ വ്യവസായത്തിലെ നിയമനം 9 ശതമാനവും ഐടി-ഹാർഡ്‌വെയർ 7 ശതമാനവും അക്കൌണ്ടിംഗ്, ഫിനാൻസ് മേഖല 10 ശതമാനവും ബിഎഫ്എസ്ഐ 9 ശതമാനവും ബിപിഒ / ഐടിഇഎസ് ഒരു ശതമാനവും നിയമന ഇടിവ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.
കനത്ത ഇടിവ്
ചില മേഖലകൾ കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹോട്ടൽ, റെസ്റ്റോറന്റ് മേഖല, ടിക്കറ്റിംഗ്, ട്രാവൽ, എയർലൈൻസ് തുടങ്ങിയ മേഖല, മാർക്കറ്റിംഗ്, അഡ്വർടൈസിംഗ്, പിആർ ഈ മേഖലകളിൽ നിയമനങ്ങളിൽ യഥാക്രമം 51 ശതമാനം, 48 ശതമാനം, 33 ശതമാനം ഇടിവ് രേഖപ്പെടുത്തി. എച്ച്ആർ, അഡ്മിനിസ്ട്രേഷൻ (29 ശതമാനം), ബാങ്കിംഗ് / ഇൻഷുറൻസ് (23 ശതമാനം), വിൽപ്പന / ബിസിനസ് വികസനം (20 ശതമാനം), ഐടി-സോഫ്റ്റ്വെയർ (16 ശതമാനം) എന്നിങ്ങനെ നിയമനത്തിൽ കുറവ് രേഖപ്പെടുത്തി.