
ന്യൂഡല്‍ഹി: ചരിത്രപരമായ നേട്ടത്തിലൂടെ വ്യാപാരത്തിന് തുടക്കം കുറിച്ച് സെന്‍സെക്‌സ്. ആദ്യമായി 50,000 കടന്നു വിപണിയില്‍ വ്യാപാരം തുടരുകയാണ്. ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ 335 പോയിന്റുയര്‍ന്ന് സെന്‍സെക്‌സ് 50,126.73ല്‍ എത്തുകയായിരുന്നു. നിഫ്റ്റിയിലും നേട്ടമുണ്ടായിട്ടുണ്ട്. ആദ്യമായി 14,700 പോയിന്റ് രേഖപ്പെടുത്തി.
ഇന്ത്യയില്‍ കോവിഡ് വാക്‌സീന്‍ വിതരണം വിജയകരമായി മുന്നോട്ടു പോകുന്നത് ഓഹരി വിപണിക്ക് ഗുണകരമായി എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കുറച്ചു ദിവസങ്ങളായി സെന്‍സെക്‌സ് 50,000ത്തോട് അടുക്കുകയായിരുന്നു. റിലയന്‍സിന്റെ എച്ച്‌സിഎല്ലിന്റെയും ഓഹരികള്‍ക്ക് വന്‍നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ആഗോള ടെക് ഭീമന്മാര്‍ യുഎസ് സ്റ്റോക് മാര്‍ക്കറ്റിനും റെക്കോര്‍ഡ് ഉയര്‍ച്ചയുണ്ടാക്കിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തെ തുടര്‍ന്നു നഷ്ടമായ പോയിന്റുകള്‍ മുഴുവന്‍ വീണ്ടെടുത്ത സെന്‍സെക്‌സ് അതിവേഗത്തിലാണ് അര ലക്ഷം പോയിന്റിനടുത്തേക്ക് എത്തിയിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നു അനുഭവപ്പെട്ട തകര്‍ച്ചയില്‍ 2020 മാര്‍ച്ച് 24നു സെന്‍സെക്‌സ് 25638.90 പോയിന്റ് വരെ ഇടിയുകയുണ്ടായി.