
ന്യൂഡല്‍ഹി: പ്രമുഖ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സിയുടെ റിപ്പോര്‍ട്ടനുസരിച്ച് മുംബൈ മുനിസിപ്പല്‍ മേഖലയിലെ വീടുകളുടെ രജിസ്‌ട്രേഷന്‍ ഈ വര്‍ഷം 4 ശതമാനം കുറഞ്ഞു. റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ഫെബ്രുവരിയില്‍ ആകെ 9,805 യൂണിറ്റുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇത് 10,172 യൂണിറ്റായിരുന്നു. എങ്കിലും കഴിഞ്ഞമാസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഫെബ്രുവരിയിലെ ഭവന രജിസ്‌ട്രേഷന്‍ മുന്‍ മാസത്തെ 8,155 യൂണിറ്റിനെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണ്.
നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ പ്രസ്താവനയില്‍ മുംബൈ നഗരം (എംസിജിഎം ഏരിയ) 2022 ഫെബ്രുവരിയില്‍ മൊത്തം പ്രോപ്പര്‍ട്ടി വില്‍പ്പനയിലൂടെ 9,805 യൂണിറ്റുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആദ്യമായി വാങ്ങുന്നതും, വില്‍പ്പനയ്ക്കു വച്ച വീടുകളുടെ രജിസ്‌ട്രേഷനുകളും ഡാറ്റയില്‍ ഉള്‍പ്പെടുന്നു. 'ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെ, മുംബൈ നഗരം സാക്ഷ്യം വഹിക്കുന്ന തുടര്‍ച്ചയായ പ്രോപ്പര്‍ട്ടി ഡിമാന്‍ഡിനെ അടിസ്ഥാനമാക്കി വിപണിയില്‍ അതിന്റെ വില്‍പ്പന വേഗത വീണ്ടെടുത്തു''. നൈറ്റ് ഫ്രാങ്ക് ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശിശിര്‍ ബൈജല്‍ പറഞ്ഞു. വസ്തുവകകള്‍ വാങ്ങാന്‍ കുറഞ്ഞ പലിശ നിരക്കും ഡിസ്‌കൗണ്ടുകളും ഉപയോഗപ്പെടുത്താനാണ് ആളുകള്‍ ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാങ്ങുന്നയാള്‍ക്ക് അനുകൂലമായ സാഹചര്യമാണ് ഈ ഒരു വര്‍ഷത്തോളമായി നീണ്ടുനില്‍ക്കുന്നത്. പിന്നീട് ഡെവലപ്പര്‍മാര്‍ ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നത് കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്യാം. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തിയാല്‍ പലിശനിരക്കും ഉയര്‍ന്നേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത് വില്‍പ്പനയെ ബാധിക്കും. മാക്രോടെക് ഡെവലപ്പേഴ്സ് (ലോധ ഗ്രൂപ്പ്), ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്, ഒബ്റോയ് റിയല്‍റ്റി, ഹിരാനന്ദാനി ഗ്രൂപ്പ്, കല്‍പതരു ലിമിറ്റഡ്, ടാറ്റ ഹൗസിംഗ്, ഷപൂര്‍ജി പല്ലോന്‍ജി, പിരമല്‍ റിയല്‍റ്റി, മഹീന്ദ്ര ലൈഫ്സ്പേസ് ഡെവലപ്പേഴ്സ്, റുസ്‌തോംജീ ഗ്രൂപ്പ്, കെ രഹേജ എന്നീ കമ്പനികളാണ് മുംബൈയിലെ പ്രൈമറി ഹൗസിംഗ് മാര്‍ക്കറ്റിലെ പ്രമുഖ കമ്പനികള്‍.