കയറ്റുമതി വിപുലീകരിച്ച് ഹോണ്ട; യൂറോപ്പില്‍ വിപണി കണ്ടെത്തുന്നു

October 23, 2020 |
|
News

                  കയറ്റുമതി വിപുലീകരിച്ച് ഹോണ്ട; യൂറോപ്പില്‍ വിപണി കണ്ടെത്തുന്നു

കൊച്ചി: 125 സിസി ശേഷിയുള്ള പുതുതലമുറ ബൈക്കായ എസ്പി125 നെ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നു. വാഹനത്തിന്റെ ഘടകഭാഗങ്ങളായിട്ടാണ് (സികെഡി) ബൈക്കിനെ കമ്പനി കയറ്റി അയക്കുന്നത്. ബിഎസ്-4 -ല്‍ നിന്നും ബിഎസ്-6 -ലേക്കുള്ള മാറ്റം ഇന്ത്യന്‍ വാഹന വ്യവസായത്തിന് വെല്ലുവിളിയുടെ ഘട്ടമായിരുന്നു. എന്നാല്‍ ഹോണ്ട ടൂവീലേഴ്‌സ് ഈ വെല്ലുവിളി അവസരമാക്കി മാറ്റി.

വലിയ രാജ്യങ്ങളിലേക്ക് 125 സിസി ശേഷിയുള്ള എസ്പി125 സികെഡി കിറ്റുകളായി അയക്കാന്‍ ആരംഭിച്ചു. മികച്ച നിലവാരത്തിന്റെയും സാങ്കേതിക വിദ്യയുടെയും പരീക്ഷണവും ആഗോള വിപണിയിലേക്കുള്ള വികസനവുമായി ഈ നീക്കം. ഭാവിയില്‍ കൂടുതല്‍ വിപണികളിലേക്കുള്ള വികസനത്തിലേക്ക് കമ്പനി ഉറ്റു നോക്കുകയാണ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.

2020 ഓഗസ്റ്റ് മുതല്‍ എസ്പി125 മോഡലിന്റെ 2000 യൂണിറ്റിലധികം സികെഡി കിറ്റുകള്‍ യൂറോപ്പിലേക്ക് ഇതിനകം കമ്പനി കയറ്റുമതി ചെയ്തു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യ ബിഎസ്-6 ബൈക്കാണ് എസ്പി125. പുതിയ എസ്പി125 ബിഎസ്-6 -ന് 19 പേറ്റന്റുണ്ട്. ഇഎസ്പി സാങ്കേതികവിദ്യയോടെയുള്ള 125സിസി എച്ച്ഇടി എഞ്ചിന്‍ 16 ശതമാനം അധിക മൈലേജ് നല്‍കുന്നു. ഈ വിഭാഗത്തില്‍ ആദ്യമായി ഒമ്പതു സവിശേഷതകള്‍ എസ്പി125ല്‍ അവതരിപ്പിച്ചിട്ടുണ്ട്. സമ്പൂര്‍ണ ഡിജിറ്റല്‍ മീറ്റര്‍, ഇന്ധനത്തിന്റെ അളവ്, ശരാശരി ഇന്ധന ക്ഷമത, ശരിയായ ഇന്ധന ക്ഷമത, എല്‍ഇഡി ഡിസി ഹെഡ്‌ലാമ്പ്, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, സംയോജിത ഹെഡ്‌ലാമ്പ് ബീം/പാസിങ് സ്വിച്ച്, എക്കോ ഇന്‍ഡിക്കേറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട്.

അരങ്ങേറ്റ മോഡലായ ആക്റ്റിവ അയച്ചു കൊണ്ട് 2001 -ലാണ് ഹോണ്ട ടൂവീലേഴ്‌സ് ഇന്ത്യ കയറ്റുമതി ആരംഭിച്ചത്. നിലവില്‍ ഹോണ്ടയുടെ കയറ്റുമതി പട്ടികയില്‍ 18 ഇരുചക്ര മോഡലുകളുണ്ട്. ഇവ 25 -ലധികം വിപണികളില്‍ എത്തുന്നു. 25 ലക്ഷം ഉപഭോക്താക്കളുണ്ട് കമ്പനിക്ക്. ഏഷ്യ, മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ഹോണ്ടയുടെ കയറ്റുമതി വിപണികളുടെ പട്ടികയില്‍പ്പെടും.

Read more topics: # Honda, # ഹോണ്ട,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved