നിര്‍മ്മാണച്ചെലവ് വര്‍ധിക്കുന്നു; മാരുതിക്കും ടാറ്റയ്ക്കും പിന്നാലെ വാഹന വില വര്‍ധിപ്പിച്ച് ഹോണ്ട

July 06, 2021 |
|
News

                  നിര്‍മ്മാണച്ചെലവ് വര്‍ധിക്കുന്നു; മാരുതിക്കും ടാറ്റയ്ക്കും പിന്നാലെ വാഹന വില വര്‍ധിപ്പിച്ച് ഹോണ്ട

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളെല്ലാം തന്നെ കാറുകളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മാരുതി സുസൂക്കിയും ടാറ്റയും അടക്കമുള്ള കമ്പനികള്‍ വില വര്‍ദ്ധനവുണ്ടാകുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആ പട്ടികയിലേക്ക് ഹോണ്ടയും കടന്നുവന്നിരിക്കുകയാണ്. എല്ലാ വാഹനങ്ങളുടെ വിലയും ആഗസ്റ്റ് മാസം മുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് ഹോണ്ട ഔദ്യോഗികമായി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.
 
നിര്‍മ്മാണ ചെലവും അസംസ്‌കൃത വസ്തുക്കളുടെ വിലയും വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് വില വര്‍ദ്ധനവെന്ന തീരുമാനത്തിന് പിന്നിലെന്ന് ഹോണ്ട അറിയിച്ചു. അവശ്യ ഉല്‍പാദന ഘടകങ്ങളായ സ്റ്റീല്‍, വിലയേറിയ ലോഹങ്ങള്‍ എന്നിവയുടെ വില വര്‍ദ്ധനവ് നികത്താനാണ് ഇപ്പോള്‍ വില വര്‍ദ്ധനവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

മോഡലുകള്‍ക്ക് അനുസരിച്ചാണ് വില വര്‍ദ്ധിക്കുന്നത്. എന്നാല്‍ എത്ര ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ തീരുമാനമൊന്നും പുറത്തുവന്നിട്ടില്ല. അസംസ്‌കൃത വസ്തുക്കളായ സ്റ്റീല്‍, അലുമിനിയം, വിലയേറിയ ലോഹങ്ങള്‍ എന്നിവയുടെ വില കുത്തനെ ഉയര്‍ന്നു, അവയില്‍ പലതും എക്കാലത്തെയും ഉയര്‍ന്നതാണ്, ഇത് ഞങ്ങളുടെ ഇന്‍പുട്ട് ചെലവിനെ സാരമായി ബാധിക്കുന്നു- ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്റും മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് ഡയറക്ടറുമായ രാജേഷ് ഗോയല്‍ പറഞ്ഞു. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ഹോണ്ട വില വര്‍ദ്ധിപ്പിക്കുന്നത്.

Read more topics: # Honda, # ഹോണ്ട,

Related Articles

© 2024 Financial Views. All Rights Reserved