
തിരുവനന്തപുരം: രാജ്യമെങ്ങും സവാള വില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ ഉത്സവ സീസണ്‍ ആയതോടെ സവാളയുടേയും ഉള്ളിയുടേയും ഡിമാന്‍ഡും കുത്തനെ കൂടിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വില പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഹോര്‍ട്ടികോര്‍പ്പ് വഴി കുറഞ്ഞ വിലയില്‍ സവാള വില്‍ക്കാനാണ് ആണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ വ്യക്തമാക്കി.
ഉള്ളി ലഭ്യത കുറഞ്ഞതോടെ കേരളത്തിലെ വിപണികളില്‍ പലയിടത്തും പല വിലകളാണ് ഉള്ളത്. ചിലയിടങ്ങളില്‍ സവാളയ്ക്ക് കിലോഗ്രാമിന് 120 രൂപ വരെ ഈടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ ഹോര്‍ട്ടി കോര്‍പ്പ് വഴി കുറഞ്ഞ വിലയില്‍ സവാള ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. കിലോഗ്രാമിന് 45 രൂപ വച്ചായിരിക്കും ഹോര്‍ട്ടി കോര്‍പ്പ് വഴി വില്‍പന നടത്തുക എന്നാണ് കൃഷി മന്ത്രി അറിയിച്ചിരിക്കുന്നത്.
സവാളയുടെ ലഭ്യത തന്നെയാണ് ഇപ്പോഴത്തെ വിലവര്‍ദ്ധനവിന്റെ പ്രധാന കാരണം. ഈ പ്രശ്നം പരിഹരിക്കാന്‍ നാഫെഡുമായി ചര്‍ച്ച നടത്തിയിട്ടുണ്ട് എന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 75 ടണ്‍ സവാള നാഫെഡില്‍ നിന്ന് എത്തിച്ചിട്ടുണ്ട് എന്നും കൃഷി മന്ത്രി പറഞ്ഞു.
ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ നാഫെഡുമായി ചര്‍ച്ചകള്‍ നടത്തിയ കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു. സവാള, ചെറിയ ഉള്ളി, ചെറുപയര്‍, ഉഴുന്ന്, തുവരപ്പരിപ്പ് എന്നിവ ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുവിതരണ വകുപ്പ് കേന്ദ്ര സര്‍ക്കാരിനെ ബന്ധപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകം, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ആണ് വലിയ തോതില്‍ ഉള്ളികൃഷി നടക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ ഉണ്ടായ കനത്ത മഴയും പ്രളയവും ആണ് ഉത്പാദനത്തെ വലിയ തോതില്‍ ബാധിച്ചത്. ഇതിനിടെ ഇന്ത്യയില്‍ നിന്നുള്ള സവാള കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും നിരോധിച്ചിരുന്നു. എന്നാല്‍ അടുത്തിടെ ഇതില്‍ ചെറിയ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. 2019 ന്റെ അവസാനം മുതല്‍ ഉള്ളിവില കുതിച്ചുയരുകയായിരുന്നു. പിന്നീട് 2020 ഫെബ്രുവരിയോടെയാണ് വില സാധാരണ നിലയില്‍ ആയത്. ആ സമയത്തും കേരളം ഈ പ്രതിസന്ധിയെ ഒരുപരിധിവരെ നേരിട്ടിരുന്നു. അന്നും നാഫെഡില്‍ നിന്ന് ശേഖരിച്ചാണ് പ്രതിസന്ധിയെ നേരിട്ടത്.