ലോക്ക്ഡൗണ്‍ തിരിച്ചടിയായി; പുതിയ ഭവന യൂണിറ്റുകളുടെ അവതരണത്തില്‍ ഇടിവ്

June 24, 2021 |
|
News

                  ലോക്ക്ഡൗണ്‍ തിരിച്ചടിയായി; പുതിയ ഭവന യൂണിറ്റുകളുടെ അവതരണത്തില്‍ ഇടിവ്

ന്യൂഡല്‍ഹി: ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മുന്‍പാദത്തെ അപേക്ഷിച്ച് പുതിയ ഭവന യൂണിറ്റുകളുടെ അവതരണത്തില്‍ 42 ശതമാനം ഇടിവുണ്ടായതായി പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സി സ്ഥാപനമായി അനറോക്കിന്റെ റിപ്പോര്‍ട്ട്. കോവിഡ് -19ന്റെ രണ്ടാം തരംഗവും സംസ്ഥാനങ്ങളിലുടനീളമുള്ള ലോക്ക്ഡൗണുകളും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചതാണ് പ്രധാന കാരണം. 

ആദ്യ ഏഴ് നഗരങ്ങളില്‍ 2021 ല്‍ 36,260 പുതിയ യൂണിറ്റുകള്‍ ലോഞ്ച് ചെയ്യപ്പെട്ടു. ജനുവരി-മാര്‍ച്ചില്‍ 62,130 യൂണിറ്റുകള്‍ പുതുതായി എത്തിയ സ്ഥാനത്താണിത്. മൊത്തം ഭവന അവതരണത്തില്‍ ഹൈദരാബാദ് മുന്നിലാണ്. 2021 രണ്ടാം പാദത്തില്‍ 8,850 യൂണിറ്റുകള്‍ സമാരംഭിച്ചു. മുംബൈ മെട്രോ മേഖലയില്‍ 6,880 ഉം ബെംഗളൂരുവില്‍ 6,690ഉം ഭവന യൂണിറ്റുകള്‍ പുതുതായി വിപണിയിലെത്തി. രണ്ടാം പാദത്തിലെ ഭവന അവതരണങ്ങളുടെ 51 ശതമാനവും ദക്ഷിണേന്ത്യന്‍ നഗരങ്ങളായ ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവയിലായാണ്.   

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഭവന വില്‍പ്പനയും ഇടിഞ്ഞു. ഏഴ് മുന്‍നിര നഗരങ്ങളിലായി 24,570 യൂണിറ്റുകളാണ് കഴിഞ്ഞ പാദത്തില്‍ വിറ്റഴിച്ചത്. ആദ്യപാദത്തില്‍ 58,290 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്താണിത്. 58 ശതമാനം ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായത്. എന്‍സിആര്‍, എംഎംആര്‍, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിലാണ് ഏപ്രില്‍-ജൂണ്‍ പാദത്തിലെ വില്‍പ്പനയുടെ 74 ശതമാനവും. 

എന്നിരുന്നാലും 2020 ലെ രണ്ടാം പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍, 2021 ലെ രണ്ടാം പാദത്തില്‍ ഭവന വില്‍പ്പന 93 ശതമാനം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ രാജ്യ വ്യാപക ലോക്ക്ഡൗണ്‍ നിലവിലുണ്ടായിരുന്നു എന്നതു പരിഗണിക്കുമ്പോള്‍ ഈ താരതമ്യം യുക്തിസഹമല്ലെന്നാണ് വിലയിരുത്തല്‍. 2020 ലെ ഇതേ പാദത്തില്‍ 12,740 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നിരുന്നത്.

Read more topics: # constructions field,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved