
ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ വഴി ഇന്ത്യയിലെ കച്ചവടക്കാര്‍ ആഗോള തലത്തില്‍ ഇതുവരെ രണ്ട് ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയച്ചതായി കമ്പനി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിപണിയില്‍ വലിയ നാഴികക്കല്ലാണ് താണ്ടിയിരിക്കുന്നത്. 2025 ഓടെ ഇത് പത്ത് ബില്യണ്‍ ഡോളറിലേക്ക് എത്തിക്കാനാണ് ശ്രമമെന്നും കമ്പനിയുടെ സിഇഒ ജെഫ് ബെസോസ് പറഞ്ഞു.
നിലവില്‍ ആമസോണ്‍ ഗ്ലോബല്‍ സെല്ലിങ് വഴി 60,000ത്തിലേറെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ ദശലക്ഷക്കണക്കിന് ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. 15 അന്താരാഷ്ട്ര വെബ്‌സൈറ്റുകള്‍ വഴിയാണ് വില്‍പ്പന. അമേരിക്ക, യുകെ, യുഎഇ എന്നിവയെല്ലാം ഇതിലുണ്ട്. കാനഡ, മെക്‌സിക്കോ, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, നെതര്‍ലന്റ്‌സ്, തുര്‍ക്കി, ബ്രസീല്‍, ജപ്പാന്‍, ഓസ്‌ട്രേലിയ, സിങ്കപ്പൂര്‍ എന്നിവയാണ് മറ്റുള്ളവ. 2019 ല്‍ 800 ഓളം കച്ചവടക്കാര്‍ ആഗോള ഇ കൊമേഴ്‌സ് കയറ്റുമതിയിലൂടെ ഒരു കോടി രൂപയുടെ കച്ചവടം നടത്തിയിരുന്നു.
ആദ്യത്തെ ഒരു ബില്യണ്‍ എന്ന നാഴികക്കല്ല് താണ്ടാന്‍ മൂന്ന് വര്‍ഷമാണ് ഇന്ത്യയിലെ കച്ചവടക്കാര്‍ എടുത്തതെങ്കില്‍ തൊട്ടടുത്ത ഒരു ബില്യണ്‍ നേടാന്‍ വെറും 18 മാസമേ എടുത്തുള്ളൂവെന്ന് കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റും ആമസോണ്‍ ഇന്ത്യ തലവനുമായ അമിത് അഗര്‍വാള്‍ പറഞ്ഞു.