ഇന്ത്യയില്‍ ബിയര്‍ വില നിശ്ചയിക്കാന്‍ കമ്പനികള്‍ പരസ്പരം സഹകരിച്ചു; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; 250 മില്യണ്‍ ഡോളറിലേറെ പിഴ ചുമത്താന്‍ സാധ്യത

December 12, 2020 |
|
News

                  ഇന്ത്യയില്‍ ബിയര്‍ വില നിശ്ചയിക്കാന്‍ കമ്പനികള്‍ പരസ്പരം സഹകരിച്ചു;  അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; 250 മില്യണ്‍ ഡോളറിലേറെ പിഴ ചുമത്താന്‍ സാധ്യത

ന്യൂഡല്‍ഹി: കാള്‍സ്‌ബെര്‍ഗ്, എസ്എബി മില്ലര്‍, ഇന്ത്യന്‍ കമ്പനിയായ യുണൈറ്റഡ് ബ്രൂവറീസ് (യുബി) എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥര്‍ വാണിജ്യപരമായ തന്ത്രപ്രധാന വിവരങ്ങള്‍ കൈമാറുകയും കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ബിയര്‍ വില നിശ്ചയിക്കാന്‍ പരസ്പരം സഹകരിക്കുകയും ചെയ്തിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ പക്കലുളള അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര ഏജന്‍സി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

2018 ല്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) മൂന്ന് ബിയര്‍ നിര്‍മാണക്കമ്പനികളുടെ ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വിപുലമായ അന്വേഷണവും സിസിഐ നടത്തി. ഇന്ത്യയുടെ ഏഴ് ബില്യണ്‍ ഡോളര്‍ ബിയര്‍ വിപണിയുടെ 88% കൈകാര്യം ചെയ്യുന്ന മദ്യ നിര്‍മാണക്കമ്പനികള്‍ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിച്ചതായ സൂചനകളാണ് കമ്മീഷന് ലഭിച്ചത്.

മാര്‍ച്ചില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മുതിര്‍ന്ന സിസിഐ അംഗങ്ങളുടെ പരിഗണനയിലാണ്, പിഴ 250 മില്യണ്‍ ഡോളര്‍ കവിയാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. എക്‌സിക്യൂട്ടീവുകളുടെ സംഭാഷണങ്ങള്‍, വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍, റിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കുന്ന ഇ-മെയിലുകള്‍ എന്നിവ അടങ്ങുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട്. രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ ബിയറിന് വിലവര്‍ദ്ധനവ് സൃഷ്ടിക്കുന്നതിന് കമ്പനികള്‍ കൂട്ടായ തന്ത്രം മെനഞ്ഞിരുന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന് റോയിട്ടേഴ്‌സ് പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

Read more topics: # beer, # ബിയര്‍,

Related Articles

© 2025 Financial Views. All Rights Reserved