
ന്യൂഡല്‍ഹി: രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 27ശതമാനം സംഭാവന ചെയ്യുന്ന അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ രാജ്യത്തെ സമ്പദ്വ്യവസ്ഥയെ വീണ്ടെടുക്കലിലേയ്ക്ക് നയിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ലോക്ക്‌ഡൌണില്‍ നിന്ന് സാവധാനം ഉയര്‍ന്നു വരുന്നു സമ്പദ്വ്യവസ്ഥയ്ക്ക് പ്രധാനമായും പിന്തുണ നല്‍കുന്നത് ഈ സംസ്ഥാനങ്ങളാണെന്ന് എലാര സെക്യൂരിറ്റീസ് ഇന്‍കോര്‍പ്പറേഷന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.
ഊര്‍ജ്ജ ഉപഭോഗം, ഗതാഗതം, മൊത്ത വിപണികളിലെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ വരവ്, ഗൂഗിള്‍ മൊബിലിറ്റി ഡാറ്റ തുടങ്ങിയ സൂചകങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് കേരളം, പഞ്ചാബ്, തമിഴ്‌നാട്, ഹരിയാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ മുന്നേറ്റം കണ്ടെത്തിയിരിക്കുന്നത്. കൊവിഡ് -19 മഹാമാരി വ്യാപനം തടയുന്നതിനുള്ള കടുത്ത നടപടികള്‍ കാരണം മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ ഏറ്റവും വ്യാവസായിക സംസ്ഥാനങ്ങളില്‍ ചിലത് പിന്നിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വൈറസ് അണുബാധ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഷോപ്പിംഗ് മാളുകള്‍, റെസ്റ്റോറന്റുകള്‍, ആരാധനാലയങ്ങള്‍ എന്നിവ ജൂണ്‍ 8 മുതല്‍ വീണ്ടും തുറക്കാമെന്ന് കേന്ദ്രം അറിയിപ്പ് നല്‍കിയിരുന്നു. സാധാരണ സാമ്പത്തിക പ്രവര്‍ത്തനം പുനരാരംഭിക്കുക എന്നതാണ് ഇന്ത്യയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഉത്തേജനം. കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ആവശ്യം പ്രതിഫലിപ്പിക്കുന്നതും വൈദ്യുതി ആവശ്യകത മെച്ചപ്പെടുത്തിയ സംസ്ഥാനങ്ങളിലും പഞ്ചാബും ഹരിയാനയും ഉള്‍പ്പെടുന്നു. ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലും ഊര്‍ജ്ജ ആവശ്യകതയിലും ഗതാഗതം പ്രവര്‍ത്തനങ്ങളിലും വര്‍ദ്ധനവുണ്ടായി.
സലൂണ്‍ സേവനങ്ങള്‍, എയര്‍കണ്ടീഷണറുകള്‍, എയര്‍ ട്രാവല്‍, ബൈക്കുകള്‍, വാക്വം ക്ലീനര്‍, വാഷിംഗ് മെഷീനുകള്‍ എന്നിവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് വിശകലന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോക്ക്‌ഡൌണ്‍ ആദ്യമായി പ്രഖ്യാപിച്ചപ്പോള്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ വാങ്ങിക്കൂട്ടിയത് ഫാര്‍മസി, പലചരക്ക് സാധനങ്ങള്‍, ലിക്വിഡ് സോപ്പുകള്‍ എന്നിവ പോലുള്ളവയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇയര്‍ഫോണുകള്‍, ഹെയര്‍ ഓയില്‍, ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ആഭരണങ്ങള്‍, മോപ്സ്, കളിപ്പാട്ടങ്ങള്‍, മൈക്രോവേവ് ഓവനുകള്‍ എന്നിവ പോലുള്ള ഇനങ്ങളെക്കുറിച്ച് ഗൂഗിളില്‍ തിരയുന്നതും ഉപയോക്താക്കള്‍ ഉപേക്ഷിച്ചിട്ടില്ല.