
ലോകത്തിലെ ഏറ്റവും ശക്തമായ അധികാര പദവിയാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം. പ്രധാന സാമ്പത്തിക ശക്തിയായ അമേരിക്കയുടെ പ്രസിഡന്റിന് ലഭിക്കുന്ന പരിഗണന വിശദീകരിക്കേണ്ട കാര്യമില്ല. എന്നാല്‍ ഈ സ്ഥാനത്ത് എത്തുന്ന ഒരാള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളെന്തൊക്കെയെന്ന് അറിയാത്തവരാണ് അധികവും.
നാല് ലക്ഷം ഡോളറാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിവര്‍ഷ വേതനം. വൈറ്റ് ഹൗസ് എന്ന ഔദ്യോഗിക വസതിയും ഒരു വിമാനവും ഹെലികോപ്റ്ററും ഔദ്യോഗിക കാറും തുടങ്ങി ഈ സ്ഥാനത്ത് എത്തുന്നവരെ കാത്തിരിക്കുന്ന നേട്ടങ്ങള്‍ പലതാണ്. 1800ലാണ് വൈറ്റ് ഹൗസ് നിര്‍മ്മിച്ചത്. ആറ് നിലകളുള്ള ഈ കെട്ടിടത്തിന്റെ വിസ്തൃതി 55000 സ്‌ക്വയര്‍ ഫീറ്റാണ്. 132 മുറികളും 35 ശുചിമുറികളും ഈ കെട്ടിടത്തിലുണ്ട്. ഇവിടെയൊരു ടെന്നിസ് കോര്‍ട്ടും ബൗളിങ് അല്ലീയും സിനിമ തിയേറ്ററും വ്യായാമം ചെയ്യാനുള്ള ട്രാക്കും നീന്തല്‍ക്കുളവും ഉണ്ട്. അഞ്ച് പാചകക്കാരും ഒരു സോഷ്യല്‍ സെക്രട്ടറിയും ചീഫ് കലിഗ്രാഫറും തുടങ്ങി ജീവനക്കാരുടെ നീണ്ട നിര തന്നെയുണ്ട്.
ബ്ലെയര്‍ ഹൗസ് എന്നാണ് പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരത്തിന്റെ പേര്. ഇത് വൈറ്റ് ഹൗസിനേക്കാള്‍ വലിയ കെട്ടിടമാണ്. 70000 സ്‌ക്വയര്‍ ഫീറ്റാണ് ഇതിന്റെ വലിപ്പം. 119 മുറികളുണ്ട്. 20 കിടപ്പുമുറികളുണ്ട്. 35 ശുചിമുറികളും നാല് ഡൈനിങ് റൂമുകളും ജിമ്മും പൂക്കടയും ഒരു ഹെയര്‍ സലൂണും ഇതിനകത്തുണ്ട്.
അമേരിക്കന്‍ പൗരനും 14 വര്‍ഷമായി അമേരിക്കയില്‍ സ്ഥിരമായി താമസിക്കുന്ന 35 വയസിലേറെ പ്രായമുള്ള ഒരാള്‍ക്കാണ് പ്രസിഡന്റാവാന്‍ കഴിയുക. നാല് ലക്ഷം ഡോളര്‍ ശമ്പളത്തിന് പുറമെ ചെലവുകള്‍ക്കായി 50000 ഡോളര്‍ വേറെയും നല്‍കും. നികുതിയടക്കേണ്ടാത്ത ഒരു ലക്ഷം ഡോളര്‍ യാത്രക്കായി നല്‍കും.
പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വിരമിച്ചാല്‍ രണ്ട് ലക്ഷം ഡോളര്‍ വീതം പ്രതിവര്‍ഷം പെന്‍ഷനായി ലഭിക്കും. രണ്ട് ലക്ഷം ഡോളര്‍ വീതം ആനുകൂല്യങ്ങളായും ലഭിക്കും. എയര്‍ ഫോഴ്സ് വണ്‍ എന്നാണ് പ്രസിഡന്റിന്റെ വിമാനത്തിന്റെ പേര്. നൂതന സാങ്കേതിക വിദ്യയുള്ള ഈ വിമാനം അടിയന്തിര ഘട്ടത്തില്‍ ആക്രമണത്തിനും സജ്ജമാണ്. ആകാശത്തില്‍ വച്ച് ഇതിനകത്ത് ഇന്ധനവും നിറയ്ക്കാം. മറൈന്‍ വണ്‍ എന്നാണ് പ്രസിഡന്റിന്റെ ഹെലികോപ്റ്ററിന്റെ പേര്. ഇതിന് അകമ്പടിയായി അഞ്ച് ഹെലികോപ്റ്ററുകളും ഉണ്ടാവും.
മണിക്കൂറില്‍ 150 മൈല്‍ വേഗത്തില്‍ പറക്കാനാവും. ഇതിന് പുറമെ ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന കാറാണ് അമേരിക്കന്‍ പ്രസിഡന്റ് ഉപയോഗിക്കുന്ന ബീസ്റ്റ്. രാസായുധം ഉപയോഗിച്ചുള്ള ആക്രമണങ്ങളെ വരെ ഇതിന് ചെറുക്കാനാവും. അഞ്ച് പാളികളുള്ളതാണ് ജനല്‍ ചില്ല്. കാറിനകത്ത് ഓക്സിജന്‍ ലഭ്യമാക്കാനുള്ള സൗകര്യവും ഉണ്ട്.