
റിയാദ്: മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി സമ്പദ് വ്യവസ്ഥയില്‍ നടപ്പാക്കുന്ന പുതിയ തീരുമാനം വിജയമാകുമോ എന്നത് ഏറെ ചര്‍ച്ച ചെയുന്ന ഒന്നാണ്. ഇക്കാര്യത്തില്‍ പല സാമ്പത്തിക വിദഗ്ധരും ആശങ്ക പ്രകടിപ്പിക്കുന്നു. നിക്ഷേപം ഉയരാനും ജോലി സാധ്യതകള്‍ വര്‍ധിക്കാനും സാധ്യതയുണ്ടെങ്കിലും കൈവിട്ട കളിയാണെന്നും സര്‍ക്കാരിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
രാജ്യത്തെ വന്‍കിട കമ്പനികളായ സൗദി അരാംകോ, സാബിക് തുടങ്ങിയവ നല്‍കുന്ന ലാഭ വിഹിതം കുറയ്ക്കാനാണ് രാജകുമാരന്റെ നിര്‍ദേശം. ഇങ്ങനെ കമ്പനികള്‍ക്ക് കൈവരുന്ന പണം തദ്ദേശീയമായി കൂടുതല്‍ അടിസ്ഥാന സൗകര്യമേഖലയ്ക്കും സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്കും വിനിയോഗിക്കാമെന്നും രാജകുമാരന്‍ നിര്‍ദേശിക്കുന്നു. ഈ പ്രമുഖ കമ്പനികളുടെ ലാഭവിഹിതത്തിന്റെ വലിയൊരു ഭാഗം ലഭിക്കുന്നത് സര്‍ക്കാരിന് തന്നെയാണ്. എന്നാല്‍ പുതിയ നിര്‍ദേശത്തോടെ ഇങ്ങനെ സര്‍ക്കാരിന് ലഭിച്ചിരുന്ന വരുമാനം കുറയും. കമ്പനികള്‍ സൗദിയിയുടെ അഭിവൃദ്ധിക്ക് വേണ്ടി ഈ പണം ചെലവഴിക്കുമ്പോള്‍ രാജ്യ പുരോഗതിയുണ്ടാകുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും പദ്ധതിയെ അനുകൂലിക്കുന്നവര്‍ പറയുന്നു.
അതേസമയം, സര്‍ക്കാരിന് ലഭിച്ചുകൊണ്ടിരുന്ന ലാഭവിഹിതം നഷ്ടപ്പെടുത്തുന്നത് ഭാവിയിലെ നിക്ഷേപങ്ങളെ ബാധിക്കുമെന്നാണ് വിമര്‍ശനം. എണ്ണ ഇതര വരുമാനം പ്രതീക്ഷിച്ചാകാം ഈ പദ്ധതി നടപ്പാക്കുന്നതെന്നും എന്നാല്‍ ഹൃസ്വകാലത്തേക്ക് സര്‍ക്കാരിന്റെ വിഭവങ്ങള്‍ നഷ്ടമാക്കാന്‍ ഇതിടയാക്കുമെന്നും വാഷിങ്ടണിലെ അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റൂട്ട് ഗവേഷകന്‍ കാരെണ്‍ യങ് പറയുന്നു.
2020ലെ കൊവിഡ് പ്രതിസന്ധിക്കിടയിലും 11000 കോടി ഡോളറാണ് അരാംകോ സൗദി ഭരണകൂടത്തിന് നല്‍കിയ ലാഭവിഹിതം. 2019നേക്കാള്‍ 30 ശതമാനം കുറവാണിത്. അരാകോയില്‍ 98 ശതമാനം സര്‍ക്കാര്‍ ഓഹരിയാണ്. ഇതില്‍ നിന്നുള്ള വരുമാനം വെട്ടിക്കുറയ്ക്കുന്നത് സര്‍ക്കാരിന്റെ ആസ്തിയെയും നിക്ഷേപത്തെയും ബാധിക്കുമെന്ന് കാപിറ്റല്‍ ഇക്കണോമിക്സിലെ ജെയിംസ് സ്വാന്‍സ്റ്റണ്‍ പറയുന്നു.