ഇ-കൊമേഴ്‌സില്‍ ഇന്ത്യ പിന്നില്‍,വ്യാപാരം 1.6% മാത്രം; ലോകബാങ്കിന്റെ 'വിജയ മന്ത്രങ്ങള്‍' അറിയാം

December 18, 2019 |
|
News

                  ഇ-കൊമേഴ്‌സില്‍ ഇന്ത്യ പിന്നില്‍,വ്യാപാരം 1.6% മാത്രം; ലോകബാങ്കിന്റെ 'വിജയ മന്ത്രങ്ങള്‍' അറിയാം

ദില്ലി: ഓണ്‍ലൈന്‍ വില്‍പ്പനയില്‍ ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഏറെ പിന്നിലെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. രാജ്യത്തെ ഓണ്‍ലൈന്‍ റീട്ടെയില്‍ വില്‍പ്പന വെറും 1.6% മാത്രമാണെന്നും ഇ-കൊമേഴ്‌സ് രംഗത്ത് രാജ്യം വിവേചന രഹിതമായ മത്സരനയം പിന്തുടരണമെന്നും ലോകബാങ്ക് വ്യക്തമാക്കി. അതേസമയം സമീപകാലങ്ങളിലായി ഓണ്‍ലൈന്‍ വില്‍പ്പനയില്‍ ഇന്ത്യയില്‍ വര്‍ധനവുണ്ടായതായും ലോകബാങ്ക് വ്യക്്തമാക്കുന്നുണ്ട്.ആഗോളതലത്തില്‍ റീട്ടെയില്‍ വില്‍പ്പന പതിനാല് ശതമാനത്തില്‍ എത്തിയിരിക്കുമ്പോഴാണ് ഇന്ത്യ ഇത്ര പുറകിലുള്ളതെന്ന് റിപ്പോര്‍ട്ട് വിശദമാക്കുന്നു. ഇന്ത്യന്‍ കമ്പനികളില്‍ ഡിജിറ്റല്‍ വത്കരണം നടപ്പാക്കണം, ടാക്‌സ് പോളിസികള്‍,നിയമപിന്തുണ,ഡാറ്റാ പൈറസി എന്നിവയില്‍ ഇ-കൊമേഴ്‌സ് മേഖല വന്‍തോതില്‍ വെല്ലുവിളി നേരിടുന്നുണ്ട്. 

2200 സ്ഥാപനങ്ങളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ലോകബാങ്ക് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യന്‍ ഇ-കൊമേഴ്‌സിന്റെ ഭൂരിഭാഗവും ഫൂട്ട് വെയര്‍,വസ്ത്രങ്ങള്‍, സ്മാര്‍ട്ട്‌ഫോണുകള്‍,ഇലക്ട്രോണിക്‌സ് ,കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ എന്നിവയുടെ വില്‍പ്പനയാണ് നടക്കുന്നത്. ഇന്ത്യ,പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ പേരിനെങ്കിലും ഇ-കൊമേഴ്‌സില്‍ തുടരുമ്പോള്‍ ബംഗ്ലാദേശ്,നേപ്പാള്‍ അടക്കമുള്ള രാജ്യങ്ങളുടേത് വളരെ മോശമായ അവസ്ഥയാണെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ഇ-കൊമേഴ്‌സ് വിപണിവികസനത്തിന് ലോകബാങ്കിന്റെ നിര്‍ദേശങ്ങള്‍

1. ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഇ-കൊമേഴ്‌സ് വിപണി വികസിപ്പിക്കാന്‍ അതിര്‍ത്തി കടന്നുള്ള വിപണി തുറക്കണം

2. താരിഫ് ഉയര്‍ത്താതെ വിവേചന രഹിതമായ മത്സരനയ പിന്തുടരണം

3. പോളിസികളില്‍ നിയന്ത്രണങ്ങള്‍ കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്

4. ഇ-കൊമേഴ്‌സ് മേഖലയെ മികച്ച തോതില്‍ വിനിയോഗിക്കാന്‍ അതത് രാജ്യങ്ങള്‍ വേണ്ടവിധം ശ്രദ്ധ ചെലുത്തണം

5.സ്ഥാപനങ്ങളിലും കമ്പനികളിലും ഡിജിറ്റല്‍ വത്കരണം നടത്തണം.

വെല്ലുവിളികളും മെച്ചങ്ങളും

 അതിര്‍ത്തി കടന്നുള്ള ഇ-കൊമേഴ്‌സ് വിപണിയില്‍ വന്‍ വെല്ലുവിളികളാണ് നിലവിലുള്ളതെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഡിജിറ്റല്‍,ലോജിസ്റ്റിക്‌സ് മേഖലയില്‍ നിപുണത ഇല്ലാത്തതിനാല്‍ ഇ-കൊമേഴ്‌സ് വിപണിയിലേക്കുള്ള പ്രവേശനത്തിന് തടസമാകുന്നു. ഇ-കൊമേഴ്‌സിലെ നിലവിലുള്ള നിയന്ത്രണങ്ങളിലും കുറവുവന്നാല്‍ ഇത്തരം ഇടത്തരം,ചെറുകിട സംരംഭങ്ങള്‍ക്ക് അവരുടെ കയറ്റുമതിയിലും ഉല്‍പ്പാദനത്തിലും തൊഴില്‍മേഖലയിലും മുപ്പത് ശതമാനം വരെ വളര്‍ച്ച നേടാനാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇ-കൊമേഴ്‌സ് മേഖലയില്‍ ലൈസന്‍സ്,മൂലധന ആവശ്യകത,ഉയര്‍ന്ന തോതിലുള്ള ഫീസ് ,വിദേശ കമ്പനികള്‍ക്കുള്ള അനുമതി ലഭിക്കാനുള്ള ബുദ്ധിമുട്ടുകള്‍ കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved