എയര്‍ഫ്രഷ്‌നര്‍ നിര്‍മിക്കാം ലാഭം കൊയ്യാം;കുടുംബ സംരംഭത്തിന്റെ സാധ്യതയും വിപണിയും

November 26, 2019 |
|
News

                  എയര്‍ഫ്രഷ്‌നര്‍ നിര്‍മിക്കാം ലാഭം കൊയ്യാം;കുടുംബ സംരംഭത്തിന്റെ സാധ്യതയും വിപണിയും

കേരളത്തില്‍ ചെറുകിട വ്യവസായ മേഖലയ്ക്ക് വന്‍ മുന്നേറ്റം നടത്തുന്ന കാലഘട്ടമാണിത്്. നാനോ കുടുംബ സംരംഭങ്ങള്‍ക്ക് അനുമതി ലഭ്യമാക്കിയതുവഴി സര്‍ക്കാര്‍ പുതിയ ഒരു വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുക കൂടി ചെയ്തിരിക്കുന്നു. വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനായി ഏകജാലക സംവിധാനം രൂപ കല്‍പ്പന ചെയ്തതുവഴി കേരളം സംരംഭക സൗഹൃതമാകുന്നു എന്ന സന്ദേശം കൂടി നല്‍കുകയാണ്. ഇത് കേരളീയ യുവത്വത്തെ തൊഴില്‍ അന്വേഷകര്‍ എന്ന നിലയില്‍ നിന്നും തൊഴില്‍ ഉടമകളും തൊഴില്‍ ദാതാക്കളും എന്ന നിലയിലേക്കുള്ള മാറ്റത്തിനു കളമൊരുക്കും.

അന്യസംസ്ഥാനങ്ങള്‍ക്ക് നിര്‍മ്മാണ കുത്തകയുള്ളതും കേരത്തില്‍ ധാരാളമായി വിറ്റഴിയുന്നതുമായ നിരവധി ഉല്പന്നങ്ങളുണ്ട്. ഇവയില്‍ പലതും നാനോ കുടുംബ സംരംഭമായി ആരംഭിക്കാന്‍ കഴിയുന്നതാണ്. ഇത്തരം വ്യവസായങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കി കേരളത്തില്‍ തന്നെ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ വലിയ വ്യവായിക മുന്നേറ്റം തന്നെ സാദ്ധ്യമാകും.ഗുണമേന്മ നിലനിര്‍ത്തി നിര്‍മ്മിക്കാന്‍ കഴിഞ്ഞാല്‍ ഇത്തരം ഉല്പന്നങ്ങള്‍ക്ക് വളരെവേഗം വിപണി കീഴടക്കാന്‍ സാധിക്കും. ഇത്തരത്തില്‍ നാനോ ഗാര്‍ഹിക സംരംഭമായി ആരംഭിക്കാന്‍ കഴിയുന്ന ഉല്പന്നമാണ് എയര്‍ ഫ്രഷ്നറുകളുടെ നിര്‍മ്മാണം.

ബിസിനസിന്റെ സാധ്യത

കേരളത്തില്‍ എയര്‍ ഫ്രഷ്നര്‍ ഉല്‍പ്പാദന കമ്പനികള്‍ നാമമാത്രമായേ ഉള്ളൂ.  അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങി റീ ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുകയാണ് പതിവ്. അന്യ സംസ്ഥാന നിര്‍മ്മാതാക്കള്‍ക്കാണ് ഈ മേഖലയിലെ കുത്തക. എന്നാല്‍ കേരളത്തില്‍ ധാരാളമായി വിറ്റഴിയുന്ന ഉല്പന്നമാണ് എയര്‍ ഫ്രഷ്നറുകള്‍.പ്രാദേശിക നിര്‍മ്മാതാവ് എന്ന നിലയില്‍ ബ്രാന്‍ഡ് ചെയ്യാന്‍ സാധിച്ചാല്‍ വിപണിയുടെ സ്വീകാര്യത എളുപ്പം നേടാം.

വലിയ സാങ്കേതിക വിദ്യകള്‍ ഒന്നും ആവശ്യമില്ലാത്തതിനാല്‍ വീട്ടമ്മമാര്‍ക്ക് പോലും യന്ത്രം പ്രവര്‍ത്തിപ്പിച്ച് നിര്‍മ്മാണം നടത്താം . എല്ലാത്തിനും ഉപരി കേരളത്തില്‍ വലിയ വിപണി നിലനില്‍ക്കുന്നു എന്നത് തന്നെയാണ് ഈ വ്യവസായത്തില്‍ ഏറ്റവും വലിയ ആകര്‍ഷണീയത.

വിപണനം

പ്രാദേശികമായി നേരിട്ട് മാര്‍ക്കറ്റ് ചെയ്യുന്നതോടൊപ്പം മറ്റ് സ്ഥലങ്ങളിലേക്ക് വിതരണക്കാരെ നിയമിച്ചും വിപണി വിപുലമാക്കാം. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പ്രൊവിഷന്‍ സ്റ്റാളുകള്‍, സ്റ്റേഷനറി ഷോപ്പുകള്‍ എന്നിവയിലൂടെ വില്‍പ്പന മെച്ചപ്പെടുത്താം. സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കണ്‍സ്യൂമര്‍ഫെഡ് സ്റ്റാളുകള്‍ വഴിയും വില്‍പനയ്ക്ക് ശ്രമിക്കാവുന്നതാണ്.

ഉല്‍പ്പാദനവും നിക്ഷേപവും

പാരാ ഡി ക്ലോറോബന്‍സില്‍ പൗഡറില്‍ നിശ്ചിത അനുപാതത്തില്‍ ഓയില്‍ ബേസ്ഡ് ഇന്‍ഡസ്ട്രിയല്‍ പെര്‍ഫ്യൂം, കളര്‍ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയാണ് റൂം ഫ്രഷ്നര്‍ നിര്‍മ്മിക്കുന്നതിനുള്ള റെഡി മിക്‌സ് ഉല്‍പ്പാദിപ്പിക്കുന്നത്. തുടര്‍ന്ന് ഈ റെഡിമിക്‌സ് പഞ്ചിംഗ് മെഷ്യനില്‍ നിറച്ച് കേക്ക് രൂപത്തിലും ബോള്‍ രൂപത്തിലും നിര്‍മ്മിച്ചെടുക്കാം. ആവശ്യമുള്ള ആകൃതി ലഭിക്കുന്നതിന് പഞ്ചിംഗ് യന്ത്രത്തിന്റെ ഡൈ മാറ്റി സ്ഥാപിക്കാന്‍ സാധിക്കും.തുടര്‍ന്ന് ജലാറ്റിന്‍ ഫോയിലുകള്‍ ഉപയോഗിച്ച് വായു കടക്കാതെ കവര്‍ ചെയ്തതിനു ശേഷം പ്ലാസ്റ്റിക് നെറ്റും ലോക്കും ഉപയോഗിച്ച് പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കാം. 100g കേക്ക് ഒരു മാസം വരെ ഉപയോഗിക്കാന്‍ സാധിക്കും.

മൂലധന നിക്ഷേപം

എയര്‍ഫ്രഷ്‌നര്‍ നിര്‍മിക്കുന്ന യന്ത്രത്തിന് 2,50000 രൂപയാണ ്ചിലവ്. പാക്കിങ് യാന്ത്രത്തിന് 30000 രൂപയും അനുബന്ധചിലവുകള്‍ 20000 രൂപയും കണക്കാക്കിയാല്‍ ആകെ പ്രവര്ത്തന മൂലധനം വേണ്ടി വരുന്നത് മൂന്ന് ലക്ഷം രൂപയാണ്. റോ മെറ്റീരിയലുകള്‍ വാങ്ങാന്‍ 50000 രൂപയും പാക്കിങ് സാമഗ്രികള്‍ക്ക് 25000 രൂപയും കാണാം. ആകെ 75000 രൂപ ചെലവ് വരും. പ്രതിദിനം ആയിരം എയര്‍ഫ്രഷ്‌നറുകള്‍ നിര്‍മിക്കാന്‍ ആകെ 13500 രൂപയാണ് ചെലവ് വരിക.

ഒരു ദിവസം ആയിരം എയര്‍ഫ്രഷ്‌നറുകള്‍ വില്‍ക്കുമ്പോള്‍ വില്‍പ്പനക്കാരന്റെ കമ്മീഷന്‍ കിഴിച്ചാല്‍ തന്നെ 20000 രൂപയോളം ഒരു ദിവസം സമ്പാദിക്കാം. കേരളത്തിലെ ആദ്യ കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ ചെറുകിട വ്യവസായ രംഗത്തെ ഇന്‍ക്യൂബേഷന്‍ സെന്ററായ പിറവം അഗ്രോപാര്‍ക്കില്‍ യന്ത്രങ്ങളും സാങ്കേതിക സഹായവും ലഭിക്കും.0485 2242310...ലൈസന്‍സ് സബ്സിഡിക്കായി ഉദ്യോഗ് ആധാര്‍ നേടണം. മുതല്‍ മുടക്കിന് അനുസൃതമായ സബ്സിഡി വ്യവസായവകുപ്പില്‍ നിന്ന് ലഭിക്കും.

Related Articles

© 2024 Financial Views. All Rights Reserved