എച്ച്പിസിഎല്‍ അറ്റാദായത്തില്‍ ഇരട്ടിയിലധികം വര്‍ധന; 2500 കോടി രൂപയുടെ ഓഹരി തിരിച്ചു വാങ്ങും

November 05, 2020 |
|
News

                  എച്ച്പിസിഎല്‍ അറ്റാദായത്തില്‍ ഇരട്ടിയിലധികം വര്‍ധന; 2500 കോടി രൂപയുടെ ഓഹരി തിരിച്ചു വാങ്ങും

2021 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാപാദത്തില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ(എച്ച്പിസിഎല്‍) അറ്റാദായത്തില്‍ ഇരട്ടിയിലധികം വര്‍ധന. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 1,052.3 കോടിയായിരുന്ന അറ്റാദായം 2020 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 2,477.4 കോടിയായി. അതേ സമയം കമ്പനിയുടെ വരുമാനം 14.9 ശതമാനം ഇടിഞ്ഞ് 51,773.3 കോടി രൂപയിലെത്തി. കമ്പനിയുടെ മൊത്തം ചെലവ് ഈ പാദത്തില്‍ 59,127.31 കോടിയായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 65,237.24 കോടി രൂപയായിരുന്നു.

2500 കോടി രൂപയുടെ ഓഹരി തിരിച്ചു വാങ്ങലും(ഷെയര്‍ ബൈബാക്ക്) കമ്പനി ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരിയൊന്നിന് 250 രൂപ നിരക്കില്‍ പത്തു കോടി ഓഹരികള്‍(6.56 ശതമാനം ഇക്വിറ്റി ഓഹരികള്‍) തിരിച്ചു വാങ്ങാനുള്ള അനുമതിയാണ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്. എച്ച്പിസിഎല്ലിന്റെ 77.88 കോടി ഓഹരികള്‍ പൊതുമേഖലയിലെ ഒഎന്‍ജിസിയുടെ കൈവശമാണ്. പിന്നെ കൂടുതല്‍ ഓഹരികള്‍ മ്യൂച്വല്‍ഫണ്ടുകളുടെ കൈവശമാണുള്ളത്.

43 പദ്ധതികളിലായി ഫണ്ടുകളുടെ കൈവശമുള്ളത് 24.93 കോടി(16.36ശതമാനം) ഓഹരികളാണ്. വിദേശ നിക്ഷേപകര്‍ 23.60 കോടി ഓഹരികള്‍ കൈവശം വച്ചിട്ടുണ്ട്. 8.15 കോടി ഓഹരികളാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പക്കലുള്ളത്. മറ്റ് നിക്ഷേപകരുടെ കൈവശം 11.11 ശതമാനം ഓഹരികളുമുണ്ട്.

കമ്പനികള്‍ നിശ്ചിത ശതമാനം ഓഹരികള്‍ തിരികെ വാങ്ങുമ്പോള്‍ നേട്ടം നിക്ഷേപകര്‍ക്കാണ്. ഓഹരികള്‍ക്ക് വിപണി വിലയേക്കാള്‍ കൂടുതല്‍ ലഭിക്കും. ഓഹരികള്‍ തിരികെ നല്‍കാതെ കൈവശം വയ്ക്കുന്നവര്‍ക്കും നേട്ടമാകു. ലഭ്യത കുറയുമെന്നതിനാല്‍ പൊതു വിപണിയില്‍ അവശേഷിക്കുന്ന ഓഹരികളുടെ വില ഉയരും. ഏണിംഗ്സ് പെര്‍ ഷെയറും വര്‍ധിക്കും. നവംബര്‍ നാലിലെ ക്ലോാസിംഗ് വില അനുസരിച്ച് നോക്കിയാല്‍ 34 ശതമാനം പ്രീമിയത്തിലാണ് എച്ച്പിസിഎല്‍ ഓഹരികള്‍ ബൈബാക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എച്ച്പിസിഎല്ലിന്റെ ഓഹരി വില എന്‍എസിയില്‍ 0.83 ശതമാനം ഉയര്‍ന്ന് 187.20 രൂപയിലാണ് ഇന്ന് ക്ലോസ് ചെയ്തത്.

Related Articles

© 2025 Financial Views. All Rights Reserved