
ഇന്ത്യയിലെ ബിസിനസ് മോഹങ്ങള്‍ വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിതമായി ചൈനീസ് ടെലികോം കമ്പനിയായ വാവേ ടെക്നോളജീസ്. 2020 ലെ രാജ്യത്തെ വാവേയുടെ വരുമാന ലക്ഷ്യം 50 ശതമാനം വരെ വെട്ടിക്കുറച്ചതായും ഇവിടത്തെ പകുതിയിലധികം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായും എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ നിന്ന് 2020 ല്‍ 700-800 മില്യണ്‍ ഡോളര്‍ വരുമാനമാണ് വാവേ നേരത്തെ ലക്ഷ്യമിട്ടത്. ഇപ്പോള്‍ 350- 500 മില്യണ്‍ ഡോളറായി പുനര്‍ നിശ്ചയിച്ചു. ഗവേഷണ-വികസന മേഖലകളെയും ആഗോള സേവന കേന്ദ്രത്തെയും ഒഴിവാക്കിയാണ് ഇന്ത്യയില്‍ ജീവനക്കാരുടെ എണ്ണം 60-70 ശതമാനം വെട്ടിക്കുറയ്ക്കുന്നത്.
കഴിഞ്ഞ മാസം ഹിമാലയന്‍ അതിര്‍ത്തി തര്‍ക്കത്തില്‍ 20 ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് ചൈന വിരുദ്ധ വികാരം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വാവേ തളര്‍ന്നു തുടങ്ങിയത്്.മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ 4 ജിയിലേക്ക് അപ്‌ഗ്രേഡു ചെയ്യാന്‍ ചൈനീസ് ടെലികോം കമ്പനികളുടെ സഹകരണം ഇന്ത്യ ഒഴിവാക്കാനും തീരുമാനിച്ചു.ഇതു കൂടാതെ അമേരിക്ക തുടങ്ങിവച്ച ബഹിഷ്‌കരണ നീക്കം ബ്രിട്ടനില്‍ ഉള്‍പ്പെടെ വാവേ ടെക്നോളജീസിന് തിരിച്ചടിയായിരുന്നു.