
ബെയ്ജിങ്: തങ്ങളെ ഇന്ത്യയില്‍ നിന്നും നിരോധിച്ചാല്‍ രാജ്യത്ത് 5 ജി സേവനം ആരംഭിക്കാന്‍ മൂന്നു വര്‍ഷം വരെ വൈകുമെന്ന് വാവേ ടെക്ക്‌നോളജീസ്. വാവേയുടെ 5ജി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും മറ്റ് രാജ്യങ്ങളെ അമേരിക്ക വിലക്കുന്ന വേളയിലാണ് ഇന്ത്യയ്ക്ക് നേരെ വാവേയുടെ ഭീഷണി. വാവേയുടെ ടെക്ക്‌നോളജി ഇല്ലെങ്കില്‍ 5 ജി നടപ്പാക്കുന്നത് തങ്ങള്‍ക്ക് മൂന്നു വര്‍ഷത്തേക്ക് വരെ നീട്ടിവെക്കേണ്ടി വരുമെന്ന് യൂറോപ്യന്‍ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചിരുന്നു.
ഇത് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയോടും വാവേ ഭീഷണി മുഴക്കിയിരിക്കുന്നത്. തങ്ങള്‍ മാര്‍ക്കറ്റിലിറക്കിയിരിക്കുന്ന 5ജി ഉല്‍പന്നങ്ങളാണ് ഏറ്റവും മികച്ച 5ജി സേവനം നല്‍കാന്‍ പര്യാപ്തമായതെന്നും ഏറ്റവും മികച്ച വേഗത സമ്മാനിക്കുന്ന ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ ഓപ്പറേറ്റര്‍മാരുടെയും ഉപഭോക്താക്കളുടേയും ആവശ്യങ്ങള്‍ സാധൂകരിക്കുന്നതാണെന്നും കമ്പനി വ്യക്തമാക്കി. 5ജി മേഖലയിലെ മുമ്പന്മാരായ ചൈനീസ് കമ്പനികളായ വാവ്വെ, ZTE എന്നിവ ലോ, മിഡ് ബാന്‍ഡുകളാണ് ഉപയോഗിക്കുന്നത്.
5ജി വിപണിയുടെ ഏതാണ്ട് മുപ്പത് ശതമാനം കയ്യടക്കിയ വാവ്വെ എകദേശം നൂറ് ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ബിസിനസ്സ് നേടിയിട്ടുണ്ട്. ഇതില്‍ 60 ശതമാനവും യൂറോപ്പില്‍ നിന്നാണെന്നത് അമേരിക്കയുടെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിക്കുന്നു. ലോ, മിഡ് ബാന്‍ഡുകള്‍ക്കുള്ള പരിമിതികള്‍ മറികടക്കാന്‍ ചൈന മള്‍ട്ടിപ്പിള്‍-ഇന്‍പുട്ട് മള്‍ട്ടിപ്പിള്‍-ഔട്പുട്ട് (MIMO) എന്ന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു. നിലവില്‍ വൈഫൈ റൗട്ടറുകളും, 4ജിയുമൊക്കെ ഉപയോഗപ്പെടുത്തുന്ന ഒരു സാങ്കേതികവിദ്യയാണിത്.
അമേരിക്കയാവട്ടെ ഉയര്‍ന്ന ആവൃത്തിയിലുള്ള മില്ലീമീറ്റര്‍ തരംഗങ്ങള്‍ ഉള്ള സ്‌പെക്ട്രം മതി പബ്ലിക് നെറ്റ്വര്‍ക്കിന് എന്ന നിലപാടിലാണ്. ഇത് ചൈനീസ് കമ്പനികള്‍ ഉന്നം വയ്ക്കുന്ന സബ്-6 ഗിഗാ ഹേര്‍ട്‌സ് ബാന്‍ഡുകളോടുള്ള വിരോധം കൊണ്ട് മാത്രമല്ല, സബ്-6 ഗിഗാ ഹേര്‍ട്‌സ് തരംഗങ്ങള്‍ കുറേ നാളുകളായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഉപയോഗിക്കുന്നതിനാല്‍ പൊതുജനം ഈ ബാന്‍ഡുകള്‍ ഉപയോഗിക്കുന്നത് രാജ്യ സുരക്ഷയ്ക്ക് അപകടമാണെന്ന വിലയിരുത്തല്‍ കൂടി മാനിച്ചാണത്. മാത്രവുമല്ല ചൈനീസ് കമ്പനികളെ ഒതുക്കി ലോകം മുഴുവന്‍ മില്ലീമീറ്റര്‍ തരംഗങ്ങള്‍ ഉപയോഗിച്ചാല്‍ ചൈനക്കൊരു വെല്ലുവിളിയാകാമെന്നും അമേരിക്ക കരുതുന്നു.