ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ അറ്റാദായത്തില്‍ 41 ശതമാനം വര്‍ധന

April 29, 2021 |
|
News

                  ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ അറ്റാദായത്തില്‍ 41 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (എച്ച്യുഎല്‍) 2020-21 സാമ്പത്തിക വര്‍ഷത്തെ മാര്‍ച്ച് പാദത്തില്‍ 2,143 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. വാര്‍ഷികാടിസ്ഥാനത്തില്‍ 41.07 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,519 കോടി രൂപയുടെ ലാഭം കമ്പനി രേഖപ്പെടുത്തിയിരുന്നു. 2020-21 ഡിസംബര്‍ പാദത്തിലെ 1,921 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 11.55 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

അവലോകന കാലയളവിലെ വരുമാനം 34.63 ശതമാനം ഉയര്‍ന്ന് 12,132 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 9,011 കോടി രൂപയായിരുന്നു വരുമാനം. പാദാടിസ്ഥാനത്തില്‍ വരുമാനം 2.27 ശതമാനം ഉയര്‍ന്നു. പലിശ, നികുതി, മൂല്യത്തകര്‍ച്ച, പലിശനിരക്ക് (ഇബിറ്റ്ഡ) എന്നിവയ്ക്ക് മുമ്പുള്ള വരുമാനം മാര്‍ച്ച് പാദത്തില്‍ 2,957 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,065 കോടി രൂപയായിരുന്നു.   

'ഈ കാലയളവിലെ വളര്‍ച്ച മത്സരാധിഷ്ഠിതവും ലാഭകരവുമായിരുന്നു. ആഭ്യന്തര ഉപഭോക്തൃ വളര്‍ച്ച 21 ശതമാനമാണ്. ആരോഗ്യം, ശുചിത്വം, പോഷകാഹാരം എന്നിവ ചേര്‍ന്നാണ് 80 ശതമാനം ബിസിനസ് വളര്‍ച്ചയും സൃഷ്ടിച്ചത്. ബിസിനസ് തുടര്‍ച്ചയായ മൂന്നാം പാദത്തിലാണ് ഇരട്ട അക്കത്തില്‍ വളര്‍ന്നത്. വിവേചനപൂര്‍വം തെരഞ്ഞെടുക്കുന്ന ഉല്‍പ്പന്നങ്ങളിലും വളര്‍ച്ച പ്രകടമാണ്, ''വരുമാന റിപ്പോര്‍ട്ടില്‍ കമ്പനി പറഞ്ഞു.

2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 1 രൂപ വീതം മുഖവിലയള്ള ഓരോ ഒഹരിക്കും 17 രൂപ വീതം അന്തിമ ലാഭവിഹിതം നല്‍കുന്നതിനും കമ്പനി ബോര്‍ഡ് ശുപാര്‍ശ ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി എച്ച്യുഎല്ലിന്റെ വിറ്റുവരവ് 18 ശതമാനം വര്‍ധിച്ച് 45,311 കോടി രൂപയായി. അറ്റാദായം 18 ശതമാനം വര്‍ധിച്ച് 7,954 കോടി രൂപയായി.

Related Articles

© 2025 Financial Views. All Rights Reserved