
അമേരിക്കയിലെ വംശീയ കൊലപാതകത്തിന് ശേഷം ലോകമാകെ ആഞ്ഞടിച്ച വര്‍ണവെറിക്കെതിരെയുള്ള പ്രതിഷേധത്തെ പല ബ്രാന്‍ഡുകളും പിന്തുണച്ചതോടൊപ്പം സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമുകളില്‍ നിന്ന് തങ്ങളുടെ പരസ്യങ്ങളും പിന്‍വലിച്ച് രംഗത്തെത്തിയപ്പോള്‍ ഫെയ്സ്ബുക്കിനും അത് കനത്ത തിരിച്ചടിയായി. യൂണീലീവറിനും ഫോര്‍ഡിനും കൊക്കകോളയ്ക്കും പിന്നാലെ ഏറ്റവും പുതിയതായി ഹോളിഡേ ഇന്‍, ക്രൗണ്‍ പ്ലാസ തുടങ്ങിയ ഹോട്ടല്‍ ബ്രാന്‍ഡുകളുടെ ഇന്റര്‍ കോണ്ടിനെന്റല്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സും അവീവ ഇന്‍ഷുറന്‍സും ഫെയ്സ്ബുക്കില്‍ പരസ്യം നല്‍കുന്നത് നിര്‍ത്തിവച്ചു. വംശീയ സമത്വത്തെക്കുറിച്ചും സൗന്ദര്യ നിലവാരത്തെക്കുറിച്ചും ആഗോള ചര്‍ച്ച നടക്കുന്ന പശ്ചാത്തലത്തിലാണ് കമ്പനികളുടെ പിന്മാറ്റം.
ആഫ്രിക്കന്‍-അമേരിക്കന്‍ ജനത കഴിഞ്ഞ ആഴ്ചയാണ് ഇത്തരം ഒരു ക്യാംപെയ്ന് തുടക്കമിട്ടത്. പിന്നീടത് ആഗോള തലത്തിലേക്ക് അത് വ്യാപിക്കുകയായിരുന്നു. വിവിധ ബ്രാന്‍ഡുകളും വര്‍ണ വിവേചനത്തിന്റെ സന്ദേശം നല്‍കുന്ന പരസ്യ വാചകങ്ങള്‍ ഒഴിവാക്കാന്‍ തയ്യാറായി രംഗത്ത് എത്തിയിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, ലോറിയല്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ എല്ലാം ഇതിന്റെ തുടക്കമെന്നോണം തങ്ങളുടെ ചര്‍മസംരക്ഷണ ഉല്‍പ്പന്നങ്ങളില്‍ നിന്ന് ഫെയര്‍, ഫെയര്‍നെസ് തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കും എന്ന് വ്യക്തമാക്കിയിരുന്നു. പിന്മാറ്റത്തിന്റെ കാരണം സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ക്ക് ഇടവേള നല്‍കുന്നതാണെന്നും ഈ ക്യാംപെയ്ന്റെ ഭാഗമാകുക എന്നതല്ലെന്നും ചിലര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഫെയ്സ്ബുക്ക് പരസ്യങ്ങളിലൂടെയാണ് ഏറ്റവുമധികം വരുമാനം നേടുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 70 ബില്യണ്‍ യുഎസ് ഡോളറാണ് ഫെയ്സ്ബുക്ക് പരസ്യങ്ങളിലൂടെ നേടിയത്. വര്‍ണവെറിക്കെതിരെയുള്ള കാംപെയ്ന്‍ ശക്തമാക്കാന്‍ ലോകമെമ്പാടുമുള്ള സോഷ്യല്‍മീഡിയ ഫോളോവേഴ്സ് ആവശ്യപ്പെടുമ്പോഴും ഫെയ്സ്ബുക്ക് മൗനം പാലിക്കുകയും അത്തരം ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ ഒഴിവാക്കാതിരിക്കുകയും ചെയ്യുന്നതിനെതിരെ കനത്ത രോഷമാണ് നിലനില്‍ക്കുന്നത്. കാംപെയ്ന് നേതൃത്വം നല്‍കുന്ന 'സ്റ്റോപ് ഹെയ്റ്റ് ഫോര്‍ പ്രോഫിറ്റ്' എന്ന വെബ്സൈറ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ട സന്ദേശത്തിലൂടെ പറയുന്നു, 'ഫെയ്സ്ബുക്കിനോട് നമുക്കിത് പറയാം, നിങ്ങളുടെ ലാഭം ഒരിക്കലും വെറുപ്പ്, വംശീയവാദം, വര്‍ഗീയത എന്നിവയിലൂടെ നേടേണ്ടതല്ല എന്ന്'.
ക്യാംപെയ്്നെ പിന്തുണച്ച് കൊണ്ട് ആദ്യമേ തന്നെ പ്രമുഖ ബ്രാന്‍ഡുകളായ യൂണിലിവര്‍, കൊക്കകോള, സ്റ്റാര്‍ബക്സ്, ദി നോര്‍ത്ത് ഫെയ്സ്, വെരിസോണ്‍, ദി കോളോറക്സ് കമ്പനി , ഫോര്‍ഡ്, ഡെനീസ്, ഫോക്സ്വാഗന്‍, മൈക്രോസോഫ്റ്റ്, ബ്ലൂ ബോട്ട്ല്‍ കോഫീ, ഷോബാനി ആന്‍ഡ് കൈന്‍ഡ് സ്നാക്സ് എന്നിവയെല്ലാം മുന്നോട്ട് വന്നിരുന്നു.
ഫെയ്സ്ബുക്കിനെതിരെയുള്ള ഈ കാംപെയ്നുമായി സഹകരിച്ച് ഹോളിഡേ ഇന്‍ , ക്രൗണ്‍ പ്ലാസ,കിംപ്റ്റണ്‍ ബ്രാന്‍ഡ്സ് എന്നിവരുടെ പേരന്റ് ബ്രാന്‍ഡ് ആയ ഇന്റര്‍ കോണ്ടിനന്റല്‍ ഗ്രൂപ്പ് ഹോട്ടല്‍സും (ഐഎച്ച്ജി) ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്‍ഷുറേഴ്സ് അവീവയും ഏറ്റവും പുതുതായി ഈ റാലിയില്‍ ചേര്‍ന്നിട്ടുണ്ട്. ഫെയ്സ്ബുക്ക്, ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം എന്നിവയിലെ പരസ്യങ്ങള്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ തുടരില്ല എന്നാണ് ഇവര്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഫെയ്സ്ബുക്കിന് ഏറ്റവുമധികം വരുമാനം നേടിക്കൊടുക്കുന്ന ബ്രാന്‍ഡുകളൊന്നും തന്നെ ഇപ്പോളും പരസ്യങ്ങളില്‍ നിന്ന് പിന്മാറിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
സ്നാപ്ചാറ്റ്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയിലൂടെയെല്ലാമുള്ള പരസ്യം നിര്‍ത്തി വച്ചിരിക്കുന്നതായി യുഎസ് ചോക്ലേറ്റ് നിര്‍മാതാക്കളായ മാഴ്സും അറിയിച്ചിരിക്കുകയാണ്. അതേസമയം എങ്ങനെയാണ് ഈ പ്രശ്നത്തെ ഫെയ്സ്ബുക്ക് വിലയിരുത്തുന്നതെന്ന് ചര്‍ച്ച ചെയ്യാന്‍ പരസ്യദാതാക്കളുമായി ഫെയ്സ്ബുക്ക് ചര്‍ച്ച നടത്തിതായി റോയ്ട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെയ്സ്ബുക്കില്‍ നിന്നും പ്രമുഖ ബ്രാന്‍ഡുകള്‍ പിന്മാറിയെങ്കിലും ഇപ്പോഴും ഏറ്റവുമധികം ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമെല്ലാം പരസ്യത്തിനായി വാരിയെറിയുന്ന ബ്രാന്‍ഡുകള്‍ കാംപെയ്നിന് കുട പിടിച്ചിട്ടില്ല എന്നതാണ് സുക്കര്‍ബര്‍ഗിനും കൂട്ടര്‍ക്കും ആശ്വാസം. സിഎന്‍എന്‍ പുറത്തുവിട്ട എറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഫെയ്സ്ബുക്കിലെ '100 ബിഗ്ഗസ്റ്റ് ആഡ് സ്പെന്‍ഡേഴ്സ്' ഇപ്പോളും ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം പോലും രേഖപ്പെടുത്തിയിട്ടില്ല.
വോള്‍മാര്‍ട്ട്, അമേരിക്കന്‍ എക്സ്പ്രസ്, ഹോംഡിപ്പോ എന്നിവരാണ് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും കണക്കറ്റ വരുമാനത്തിലുള്ള പരസ്യം നല്‍കിവരുന്നത്. മൈക്രോസോഫ്റ്റ്, സ്റ്റാര്‍ബഗ്‌സ്, ഫിസര്‍ (PFIZER) എന്നിവര്‍ മാത്രമാണ് ടോപ് പരസ്യദാതാക്കളുടെ ആദ്യ 25 പേരെടുത്താല്‍ തന്നെ പിന്മാറ്റം നടത്തിയിരിക്കുന്നത്. മക്ഡൊണാള്‍ഡ്സ്, ഉബര്‍, നെറ്റ്ഫ്ളിക്സ് എന്നിവരെല്ലാം ഈ 'ടോപ് 25' ലിസ്റ്റിലുള്ളവരാണെങ്കിലും പിന്മാറ്റമുണ്ടാകുമോ ഇല്ലയോ എന്നതില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2019 ലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഫെയ്സ്ബുക്കിന്റെ ആകെ പരസ്യ വരുമാനത്തിന്റെ മൂന്നു ശതമാനം മാത്രമേ ആകൂ ഇത്. ഏറ്റവുമധികം പരസ്യം ചെയ്യുന്ന നൂറുപേരും കാംപെയ്നില്‍ പങ്കുചേര്‍ന്നാല്‍ പോലും കമ്പനിയുടെ പരസ്യവരുമാനത്തിനു മങ്ങലേല്‍ക്കില്ല എന്നാണ് സത്യം. ദി ഇന്‍ഫോര്‍മേഷന്‍ എന്ന വെബ്സൈറ്റിന്റെ റിപ്പോര്‍ട്ടനുസരിച്ച് എല്ലാ പരസ്യദാതാക്കളും ഇടവേളയ്ക്ക് ശേഷം തിരികെയെത്തുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്നായിരുന്നു ഈ ക്യാംപെയ്നുമായി ബന്ധപ്പെട്ട് സുക്കര്‍ബര്‍ഗ് അറിയിച്ചിരുന്നതെന്നാണ് വിവരം.