
ഹൈദരാബാദ്: 50 കോടി രൂപയുടെ വന്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് നടത്തിയ സംഘത്തെ ഹൈദരാബാദ് പൊലീസ് പിടികൂടി. പേയ്‌മെന്റ് ഗേറ്റ്വേകളില്‍ കൃത്രിമം നടത്തിയതാണ് ഇവര്‍ പണം തട്ടിയെടുത്തത്. യു.കെ, സിംഗപ്പൂര്‍, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരാണ് പ്രധാനമായും തട്ടിപ്പിന് ഇരയായത്.
ഡല്‍ഹി സ്വദേശികളായ നവീന്‍ ഭട്ട്, മോഹിത്, മോനു എന്നിവരും ഹൈദരാബാദുകാരായ നാഗരാജു, ശ്രാവണ്‍ കുമാര്‍, പവന്‍, ശ്രീനിവാസ റാവു എന്നിവരുമാണ് അറസ്റ്റിലായതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. അതേസമയം, അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വിശദമായ പരിശോധനയില്‍ മാത്രമേ തട്ടിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാജ വെബ്‌സൈറ്റുകളും ടോള്‍ ഫ്രീ നമ്പറും ഉണ്ടാക്കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇതിനായി ഡല്‍ഹി, ഗാസിയാബാദ്, മൊഹാലി എന്നിവിടങ്ങളില്‍ കാള്‍ സെന്ററുകളും സ്ഥാപിച്ചിരുന്നു. വെബ്‌സൈറ്റുകളിലൂടെ ഇ-കോമേഴ്‌സ് സേവനങ്ങള്‍ നല്‍കുമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
വിവിധ രാജ്യങ്ങളിലുള്ളവരുമായി ഓണ്‍ലൈന്‍ പരസ്യങ്ങളിലൂടെയും എസ്.എം.എസുകളിലൂടെയുമാണ് ഇവര്‍ ബന്ധപ്പെട്ടിരുന്നത്. ചിലരോട് ഇ-കോമേഴ്‌സ് കമ്പനികള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്നവരാണെന്ന് അറിയിച്ച് ഫോണിലൂടേയും ബന്ധപ്പെട്ടു. ഇവരില്‍ നിന്ന് തന്ത്രപൂര്‍വം വിവരങ്ങള്‍ ശേഖരിച്ച് വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ നിര്‍മ്മിച്ചായിരുന്നു തട്ടിപ്പ്.