
ന്യൂയോര്‍ക്ക്: കൊവിഡ് പ്രതിരോധത്തിലെ മുന്നേറ്റം വാഹന വിപണിയില്‍ ദൃശ്യമാക്കി അമേരിക്ക. ഹ്യുണ്ടായി മോട്ടോഴ്സും കിയയും അമേരിക്കന്‍ കാര്‍ വിപണിയില്‍ ചരിത്രം സൃഷ്ടിക്കുകയാണ്. 2021 ലെ ആദ്യ ആറ് മാസം പിന്നിട്ടപ്പോള്‍ ഹ്യുണ്ടായിയുടെ വില്‍പന 407,135 യൂണിറ്റുകള്‍. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 49.4 ശതമാനത്തിന്റെ വര്‍ദ്ധനയാണ് വില്‍പനയില്‍ ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായി നാല് മാസങ്ങളിലാണ് ഇവര്‍ വില്‍പനയില്‍ ഒന്നാമതെത്തിയത്.
2021 ജൂണ്‍ മാസത്തില്‍ മാത്രം ഹ്യുണ്ടായി അമേരിക്കയില്‍ വിറ്റഴിച്ചത് 72,465 യൂണിറ്റ് വാഹനങ്ങളാണ്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 44.5 ശതമാനത്തിന്റെ വര്‍ദ്ധനയാണ് വില്‍പനയില്‍ ഉണ്ടായത്. അമേരിക്കയില്‍ ഹ്യുണ്ടായിയുടെ ചരിത്രത്തിലെ ഏറ്റവും അധികം വില്‍പനയും 2021 ജൂണ്‍ മാസത്തിലാണ് നടന്നിട്ടുള്ളത്.
കാര്‍ വില്‍പനയില്‍ ഹ്യുണ്ടായിയ്ക്ക് തൊട്ടുപിറകില്‍ ഉള്ളത് കിയ ആണ്. 2021 ലെ ആദ്യ ആറ് മാസത്തില്‍ കിയ വിറ്റഴിച്ചത് 378,511 യൂണിറ്റ് വാഹനങ്ങളാണ്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 43.7 ശതമാനമാണ് വില്‍പനയിലെ വര്‍ദ്ധന. കിയയും 2021 ജൂണില്‍ റെക്കോര്‍ഡ് വില്‍പനയാണ് അമേരിക്കയില്‍ സ്വന്തമാക്കിയിട്ടുള്ളത്. 68,486 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ 43.1 ശതമാനം വര്‍ദ്ധനയാണ് വില്‍പനയില്‍ ഉണ്ടായത്. ഹ്യുണ്ടായിയെ പോലെ തന്നെ തുടര്‍ച്ചയായി നാല് മാസങ്ങളില്‍ ആണ് മികച്ച വില്‍പന റെക്കോര്‍ഡ് കിയ സ്ഥാപിച്ചത്.
കിയയുടെ ഇലക്ട്രിക് കാര്‍ ആര്‍ ഇവി6 ലോഞ്ച് ചെയ്യുകയാണ് അമേരിക്കയില്‍. എന്നാല്‍ ലോഞ്ചിങ്ങിന് മുമ്പ് തന്നെ പുറത്തിറക്കാനുദ്ദേശിച്ച 1,500 യൂണിറ്റ് വാഹനങ്ങളും വിറ്റുപോയി എന്ന പ്രത്യേകതയും ഉണ്ട്. അടുത്ത വര്‍ഷം തുടക്കത്തിലായിരിക്കും പ്രാദേശിക ഡീലര്‍മാര്‍ വഴി ഇവി6 കാറുകള്‍ വിപണിയില്‍ എത്തിക്കുക.
അമേരിക്കയില്‍ കാര്‍ വില്‍പയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ഈ രണ്ട് കമ്പനികളും ദക്ഷിണ കൊറിയയില്‍ നിന്നുള്ളവരാണ് എന്ന പ്രത്യേകതയും എടുത്തുപറയേണ്ടതാണ്. അമേരിക്കയുമായി അടുത്ത ബന്ധമുള്ള രാജ്യമാണ് ദക്ഷിണ കൊറിയ. കിയയില്‍ 33.8 ശതമാനം ഓഹരികള്‍ ഹ്യുണ്ടായിയുടേതാണ് എന്നതാണ് മറ്റൊരു പ്രത്യേകത. അതുപോലെ തിരിച്ച് ഹ്യുണ്ടായിയില്‍ കിയയ്ക്കും ഓഹരിയുണ്ട്.