
ഇന്ത്യയില്‍ ഇതുവരെയായി വിറ്റത് ആറ് ലക്ഷം യൂണിറ്റ് ഹ്യുണ്ടായ് ക്രെറ്റ. പുതിയ നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് ഈ ജനപ്രിയ എസ്യുവി. 2015 ലാണ് ഹ്യുണ്ടായ് ക്രെറ്റ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ എട്ട് മാസങ്ങള്‍ക്കിടയിലാണ് അവസാന ഒരു ലക്ഷം യൂണിറ്റ് ഹ്യുണ്ടായ് ക്രെറ്റ വിറ്റുപോയത്. അതായത് 2020 ഓഗസ്റ്റിലാണ് അഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നേട്ടം ഹ്യുണ്ടായ് ക്രെറ്റ കൈവരിച്ചത്.
ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് സ്പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനകരമായ നേട്ടമാണ്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയങ്ങളിലും വാഹന വിപണി മോശം സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോഴും ക്രെറ്റ അതിന്റെ ജൈത്രയാത്ര തുടര്‍ന്നു. എഴുപത് മാസങ്ങളിലായാണ് ആറ് ലക്ഷം യൂണിറ്റ് വില്‍പ്പന എന്ന നാഴികക്കല്ല് ഹ്യുണ്ടായ് ക്രെറ്റ താണ്ടിയത്. അതായത്, ഏകദേശം ആറ് വര്‍ഷം. 2015 ജൂലൈ 21 നാണ് ഹ്യുണ്ടായ് ക്രെറ്റ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. ഇതിനുശേഷം ഇതുവരെ 6,06,743 യൂണിറ്റ് ക്രെറ്റ ഇന്ത്യയില്‍ വിറ്റുപോയി.
ഹ്യുണ്ടായ് ക്രെറ്റയുടെ ആകെ വില്‍പ്പനയില്‍ 66 ശതമാനത്തോളം ഡീസല്‍ വേരിയന്റുകളാണ്. അതായത്, 3,99,787 യൂണിറ്റ്. അതേസമയം 2,06,956 യൂണിറ്റ് പെട്രോള്‍ വേരിയന്റുകള്‍ വിറ്റുപോയി. 34 ശതമാനം. 1.5 ലിറ്റര്‍ യുഎസ് സിആര്‍ഡിഐ എന്‍ജിന്‍ ഉപയോഗിക്കുന്ന ഡീസല്‍ വേരിയന്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഹ്യുണ്ടായ് ക്രെറ്റയുടെ ഡീസല്‍ വേരിയന്റുകള്‍ക്ക് ഡിമാന്‍ഡ് തീരെ കുറയുന്നില്ല. മറ്റു ചില കാര്‍ നിര്‍മാതാക്കള്‍ക്ക് ഡീസല്‍ വേരിയന്റുകളുടെ വില്‍പ്പന കുറവെങ്കില്‍ ഹ്യുണ്ടായ് ക്രെറ്റയുടെ കാര്യത്തില്‍ ഇത് നേരെ മറിച്ചാണ്.