കശ്മീര്‍ വിഷയത്തില്‍ പുലിവാല് പിടിച്ച് ഹ്യുണ്ടായ്; ഖേദം പ്രകടിപ്പിച്ച് കമ്പനി രംഗത്ത്

February 08, 2022 |
|
News

                  കശ്മീര്‍ വിഷയത്തില്‍ പുലിവാല് പിടിച്ച് ഹ്യുണ്ടായ്; ഖേദം പ്രകടിപ്പിച്ച് കമ്പനി രംഗത്ത്

ന്യൂഡല്‍ഹി: ഖേദം പ്രകടിപ്പിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ്. കമ്പനി പാകിസ്ഥാനിലെ തങ്ങളുടെ വിതരണക്കാരന്റെ 'കശ്മീരുമായി ബന്ധപ്പെട്ട അനധികൃത സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍' വഴി ഇന്ത്യക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുകയും ഈ നടപടി തങ്ങളുടെ ആഗോള നയത്തിന് വിരുദ്ധമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു.

കശ്മീരിലെ വിഘടനവാദികളെ പിന്തുണച്ച് പാകിസ്ഥാനിലെ ഹ്യുണ്ടായ് ഡീലര്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തതിന് ശേഷം ഞായറാഴ്ച ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ സോഷ്യല്‍ മീഡിയയില്‍ തിരിച്ചടി നേരിട്ടിരുന്നു. പാക്കിസ്ഥാനിലെ ഡീലറുടെ സോഷ്യല്‍ മീഡിയ പോസ്റ്റിനെ ചൊല്ലി ഇന്ത്യാക്കാര്‍ കമ്പനിക്കെതിരെ ബോയ്‌കോട്ട് ഹ്യുണ്ടായ് എന്ന ടാഗുമായി വിമര്‍ശനം തുടരുകയാണ്.

ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ രാജ്യമാണെന്ന് കമ്പനി പറഞ്ഞുനോക്കിയെങ്കിലും ഭൂരിഭാഗം പേര്‍ക്കും വിശദീകരണം തൃപ്തികരമായില്ല. വിവാദം കമ്പനിയുടെ സെയില്‍സിനെയും ബാധിക്കുന്നുണ്ട്. ബുക്കിങ് ക്യാന്‍സലാക്കിയതായി ഉപഭോക്താക്കള്‍ ട്വീറ്റ് ചെയ്യുന്നുണ്ട്. രണ്ട് ദിവസം മുന്‍പാണ് ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിക്കെതിരായ വിവാദങ്ങളുടെ തുടക്കം. ഇവരുടെ പാക്കിസ്ഥാനി ഡീലര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ കമ്പനിയുടെ ട്വിറ്റര്‍ ഹാന്റിലില്‍ ട്വീറ്റ് ചെയ്തു. ഹ്യുണ്ടായ് പാകിസ്ഥാന്‍ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്റിലിലായിരുന്നു ട്വീറ്റ്. മുള്ളുവേലികൊണ്ട് ബന്ധിപ്പിക്കപ്പെട്ട കശ്മീര്‍ എന്ന വാക്കും ദാല്‍ തടാകത്തിലെ വള്ളവുമായിരുന്നു ട്വീറ്റിനൊപ്പമുണ്ടായിരുന്ന ചിത്രത്തിലേത്.

ഹ്യുണ്ടായ് പാക്കിസ്ഥാന്റെ ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് പേജുകളിലും ഇതേ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതാണ് ഇന്ത്യാക്കാരായവരെ പിണക്കിയത്. കമ്പനിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ഹ്യുണ്ടായ് ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ രാജ്യമാണിതെന്ന് വ്യക്തമാക്കി ട്വീറ്റ് ചെയ്‌തെങ്കിലും അതില്‍ വിവാദത്തിന് കാരണമായ ട്വീറ്റിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നില്ല. ഇതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്കും കാരണമായിരിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved