
കോവിഡ് കാല വിശേഷങ്ങള്‍ പങ്കുവച്ചു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി. ലോക്ക്ഡൗണ്‍ കാലം എങ്ങനെ ഫലപ്രദമായി വിനിയോഗിച്ചെന്നാണു മന്ത്രി വിവരിച്ചത്. ഡല്‍ഹി- മുംബൈ എക്സ്പ്രസ് വേയുടെ നിര്‍മാണം വിലയിരുത്തുന്ന ഹരിയാനയിലെ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോക്ക്ഡൗണ്‍ കാലത്ത് പാചകവും ഓണ്‍ലൈന്‍ വഴിയുള്ള പ്രഭാഷണവുമായിരുന്നു മന്ത്രിയുടെ പ്രധാന പരിപാടികള്‍. ക്ലാസുകളും പ്രഭാഷണങ്ങളും യുട്യൂബില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഓണ്‍ലൈന്‍ പ്രഭാഷണങ്ങളില്‍ കാഴ്ചക്കാരുടെ എണ്ണം കൂടിയതോടെ പ്രതിമാസം നാലുലക്ഷം രൂപ വീതം യുട്യൂബ് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏകദേശം 950 ഓളം പ്രഭാഷണങ്ങളാണ് മന്ത്രി കോവിഡ് കാലത്ത് ഓണ്‍ലൈനില്‍ പങ്കിട്ടത്. വിദേശ സര്‍വകാലാശാലകളിലെ വിദ്യാര്‍ഥികളായിരുന്നു പ്രധാന കാണികള്‍.
ഇതുവരെ ഭാര്യയോട് പോലും പങ്കുവയ്ക്കാത്ത ഒരു സംഭവവും കേന്ദ്ര ഗതാഗതമന്ത്രി കാണികള്‍ക്കായി ഓര്‍ത്തെടുത്തു. ഭാര്യപിതാവിന്റെ വീട് പൊളിക്കാന്‍ ഉത്തരവിട്ടതായിരുന്നു ഇത്. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകള്‍ക്ക് ശേഷമാണ് സംഭവം നടക്കുന്നത്. റോഡിന്റെ നടുവിലായിരുന്നു ഭാര്യാപിതാവിന്റെ വീട്. വീട് വികസന പ്രവര്‍ത്തനങ്ങള്‍ക്കു തടസമായതോടെ ഭാര്യയോട് പോലും പറയാതെ വീട് പൊളിക്കാന്‍ ഉത്തരവിടുകയായിരുന്നെന്നു മന്ത്രി പറഞ്ഞു. തന്റെ വീടും റോഡിനോട് ചേര്‍ന്നാണെന്നും റോഡ് നിര്‍മിക്കുന്നതിന് അത് പൊളിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ഗുരുഗ്രാം ലോക്സഭാംഗം റാവു ഇന്ദര്‍ജിത് സിങ്, മുതിര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജില്ല ഭരണാധികാരികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. 95,000 കോടിയുടേതാണ് ഡല്‍ഹി- മുംബൈ എക്സ്പ്രസ്വേ പദ്ധതി. മാര്‍ച്ച് 2023ഓടെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഹരിയാനയിലെ 160 കിലോമീറ്റര്‍ ഹൈവേയുടെ നിര്‍മാണവും ഡല്‍ഹിയേയും രാജസ്ഥാനെയും, വഡോദരയേയും അങ്കലേശ്വരിനേയും യോജിപ്പിക്കുന്ന പാതകളുടെ നിര്‍മാണവും അടുത്തവര്‍ഷം മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.