ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ അറിയിച്ചില്ലെങ്കില്‍ പിടി വീഴും; ഐടി വകുപ്പിന്റെ ഇ-കാമ്പയിന്‍

July 20, 2020 |
|
News

                  ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ അറിയിച്ചില്ലെങ്കില്‍ പിടി വീഴും; ഐടി വകുപ്പിന്റെ ഇ-കാമ്പയിന്‍

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാതെ ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ നടത്തിയിട്ടുള്ളവര്‍ക്ക് കുരുക്ക് വീഴും. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുകയും ഇതുവരെ നികുതി റീഫണ്ട് ലഭിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഇടപാടുകള്‍ സംബന്ധിച്ച തിരുത്തലുകള്‍ വരുത്താന്‍ അവസരമുണ്ട്.

വിശദപരിശോധനയ്ക്കായി ജൂലായ് 20 മുതല്‍ 11 ദിവസത്തെ ഇ-കാമ്പയിന്‍ ഐടി വകുപ്പ് തുടങ്ങിക്കഴിഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷത്തെ ഇടപാടുകളാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. റിട്ടേണ്‍ നല്‍കാതിരിക്കുകയോ തെറ്റായി നല്‍കുകയോ ചെയ്തവര്‍ക്ക് വീണ്ടും അവസരം നല്‍കുന്നതിനാണ് കാമ്പയിന്‍. ഇത്തരത്തില്‍ തിരുത്തല്‍ വരുത്തിയവര്‍ക്ക് നോട്ടീസ് ലഭിക്കില്ലെന്നു മാത്രമല്ല സൂക്ഷമ പരിശോധനയുമുണ്ടാവില്ലെന്നും ആദായ നികുതിവകുപ്പ് വ്യക്തമാക്കിക്കഴിഞ്ഞു.

ബാങ്കുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങി വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കിയ ഇടപാടു വിവരങ്ങള്‍ വിശകലനംചെയ്തായിരിക്കും പരിശോധന നടത്തുക. ഉറവിടത്തില്‍നിന്ന് നികുതികിഴിച്ചതിന്റെ രേഖകള്‍, വിദേശത്തുനിന്നുമെത്തിയ പണം തുടങ്ങിയവ പരിശോധനയ്ക്കുവിധേയമാക്കും.

കാമ്പയിന്‍ കാലയളവില്‍ എസ്എംഎസ്, ഇ-മെയില്‍ എന്നിവവഴിയാണ് നികുതിദായകന് സന്ദേശം കൈമാറുക.  ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ആദായനികുതി വകുപ്പിന്റെ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താല്‍മതി. നിങ്ങള്‍ നടത്തിയതും എന്നാല്‍ റിട്ടേണില്‍ കാണക്കാത്തതുമായ ഇടപാടുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ പോര്‍ട്ടലില്‍നിന്ന് അറിയാം. ഉടനെ അതിന് മറുപടി നല്‍കിയാല്‍ സൂക്ഷ്മപരിശോധനയില്‍നിന്ന് മാറാനും അവസരമുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved