
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലയളവില്‍ ആദായ നികുതി വകുപ്പ് നികുതി ദായകര്‍ക്ക് തിരിച്ചുകൊടുത്തത് 62,361 കോടി രൂപ. 20 ലക്ഷം നികുതി ദായകര്‍ക്കാണ് ഇത്രയും തുക മൂന്നുമാസക്കാലയളവില്‍ ടാക്സ് റീഫണ്ട് നല്‍കിയത്. വ്യക്തിഗത, കോര്‍പ്പറേറ്റ് വിഭാഗങ്ങളിലായാണ് ഈ തുക നല്‍കിയത്. ഏപ്രില്‍ എട്ടുമുതല്‍ ജൂണ്‍ 30വരെയുള്ള കാലയളവില്‍ ഒരുമിനുട്ടില്‍ ശരാശരി 76 റീഫണ്ടുകളാണ് നല്‍കിയതെന്ന് ധനമന്ത്രാലയത്തിന്റെ അറയിപ്പില്‍ പറയുന്നു. നികുതി ദായകരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് വരവുവെയ്ക്കുകയാണ് ചെയ്തത്.
അഞ്ചുലക്ഷം രൂപവരെയുള്ള റീഫണ്ടുകള്‍ നേരത്തെതന്നെ നികുതിദായകര്‍ക്ക് കൈമാറിയിരുന്നു. റീഫണ്ട് വേഗത്തില്‍ നല്‍കുന്നതിന് ഇ-മെയിലുകള്‍ക്ക് ഉടനെ മറുപടി നല്‍കണമെന്ന് ആദായ നികുതി വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് വരവുവെയ്ക്കുന്നതിനാല്‍ വര്‍ഷങ്ങളായി റീഫണ്ട് ലഭിക്കുന്നതിന് നികുതിദായകര്‍ ഐടി വകുപ്പിനെ സമീപിക്കാറില്ലെന്ന് ധനമന്ത്രാലയം പറയുന്നു.