
ന്യൂഡല്‍ഹി: ബാങ്കുകളുടെ കിട്ടാക്കടത്തില്‍ കുറവ് വന്നതായി ആര്‍ബിഐ. നാഷ്‌ക്രിയ ആസ്തികളുടെ അളവില്‍ ഭീമമായ കുറവാണ് ആര്‍ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിന് ബാങ്കുകള്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചത്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം 2018 മാര്‍ച്ച് വരെ 11.2 ശതമാനമായി ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി. എന്നാല്‍ 2019 ലേക്കെത്തിയപ്പോള്‍ 9.1 ശതമാനമായി ചുരുങ്ങുകയും ചെയ്തു. ജിഎന്‍പി റേഷ്യോ പരിശോധിച്ചാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം പൊതുമേഖലാ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി 14.6 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 11.6 ശതമാനത്തിലേക്കും ചുരുങ്ങി. അറ്റ നിഷ്‌ക്രിയ ആസ്തി എട്ട് ശതമാനത്തില്‍ നിന്ന് 4.8 ശതമാനത്തിലേക്കും കുറഞ്ഞു. അതേസമയം, ഐ.ഡി.ബി.ഐ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി വര്‍ധിച്ചത് തിരിച്ചടിയായി. സ്വകാര്യ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി 4.7 ശതമാനമായിരുന്നത് ഇതുമൂലം 5.3 ശതമാനമായി ഉയര്‍ന്നു. എങ്കിലും, അറ്റ നിഷ്‌ക്രിയ ആസ്തി 2.4 ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനമായി മാറിയെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ ബാങ്കുകള്‍ എഴുതി തള്ളിയത് രണ്ട് ട്രില്യണ്‍ രൂപയുടെ നിഷ്‌ക്രിയ ആസ്തിയെന്ന് റിപ്പോര്‍ട്ട്. 2018-2019 സാമ്പത്തിക വര്‍ഷത്തിലാണ് രാജ്യത്തെ ഭൂരിഭാഗം ബാങ്കുകളും ഭീമമായ തുക എഴുതി തള്ളിയത്. കേന്ദ്രധനമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പറത്തുവിട്ടത്. അതേസമയം 42 ഷെഡ്യൂള്‍ഡ് ബാങ്കുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഭീമമായ നിഷ്‌ക്രിയ ആസ്തി എഴുതി തള്ളിയത്. തൊട്ടുമുന്‍പുള്ള വര്‍ഷം ബാങ്കുകള്‍ എഴുതി തള്ളിയത് ഏകദേശം 1.5 ട്രില്യണ്‍ രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മൊത്തം നിഷ്‌ക്രിയ ആസ്തിയില്‍ 40 ശതമാനമാണ് 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ എഴുതി തള്ളിയത്. എന്നാല്‍ മുന്‍വര്‍ഷം ബാങ്കുകള്‍ ആകെ എഴുതി തള്ളിയ നിഷ്‌ക്രിയ ആസ്തി 20 ശതമാത്തോളം വരുമിതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തികള്‍ എഴുതി തള്ളുന്നതിന് ചില രീതികളൊക്കെയുണ്ട്. ബാങ്കുകളുടെ നഷ്ട സാധ്യതകള്‍ കുറയുകയും, ബാലന്‍സ് ഷീറ്റില്‍ കുറവുണ്ടാവുകയും ചെയ്യുമ്പോഴാണ് രാജ്യത്തെ ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തികള്‍ എഴുതി തള്ളാന്‍ മുതിരാറുള്ളത്. കേന്ദ്രബാങ്കി (ആര്‍ബിഐ)ന്റെ നിര്‍ദ്ദേശ പ്രകാരം നിഷ്‌ക്രിയ ആസ്തിയായി കണക്കാക്കി നാല് വര്‍ഷം വരെ പൂര്‍ത്തിയാകുന്ന വായ്പകളാണ് സാധാരണ ഗതിയില്‍ ബാങ്കുകള്‍ എഴുതി തള്ളാറുള്ളത്.