
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ബുധനാഴ്ച പ്രധാന പോളിസി നിരക്കുകളില്‍ 40 ബേസിസ് പോയിന്റ് (ബിപിഎസ്) വര്‍ദ്ധന പ്രഖ്യാപിച്ചിരുന്നു. ക്യാഷ് റിസര്‍വ് റേഷ്യോയും (സിആര്‍ആര്‍) 50 ബേസിസ് പോയിന്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് പലിശ നിരക്കുകളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സ്ഥിതിയാണുള്ളത്.
ഏറ്റവും പുതിയ ആര്‍ബിഐ പ്രഖ്യാപനത്തിന് അനുസൃതമായി ബാങ്കുകള്‍ അവരുടെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച ഭവനവായ്പകളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലിങ്ക്ഡ് ലോണ്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചവരില്‍ ഐസിഐസിഐ ബാങ്കും ബാങ്ക് ഓഫ് ബറോഡയും ഉള്‍പ്പെടുന്നു.
പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ഐസിഐസിഐ ബാങ്ക് എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലിങ്ക്ഡ് ലോണ്‍ പലിശ 8.10 ശതമാകുന്നതായും മെയ് 4, 2022 മുതല്‍ പ്രാബല്യത്തിലാകുമെന്നും വെബ്സൈറ്റില്‍ പ്രസ്താവിച്ചു. ബാങ്ക് ഓഫ് ബറോഡ വായ്പ പലിശ നിരക്ക് 6.90 ശതമാനമാണ്. 2022 മെയ് 5 മുതല്‍ പ്രാബല്യത്തില്‍ വരും.
എന്താണ് എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് വായ്പ?
2019 ഒക്ടോബര്‍ 1 മുതല്‍ എല്ലാ പുതിയ ഫ്‌ലോട്ടിംഗ് റേറ്റ് വ്യക്തിഗത/ റീട്ടെയില്‍ ലോണുകളും (ഭവനം, വാഹനം മുതലായവ) ഒരു ബാഹ്യ മാനദണ്ഡവുമായി ബന്ധിപ്പിക്കണമെന്ന് ആര്‍ബിഐ നിര്‍ബന്ധിച്ചു.
താഴെ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ബാഹ്യ മാനദണ്ഡങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ ബാങ്കുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്:
1) ആര്‍ബിഐയുടെ പോളിസി റിപ്പോ നിരക്ക്
2) ഫിനാന്‍ഷ്യല്‍ ബെഞ്ച്മാര്‍ക്ക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എഫ്ബിഐഎല്‍) പ്രസിദ്ധീകരിച്ച 3 മാസത്തെ ട്രഷറി ബില്‍ വരുമാനം.
3) എഫ്ബിഐഎല്‍ പ്രസിദ്ധീകരിച്ച 6 മാസത്തെ ട്രഷറി ബില്‍ വരുമാനം
4) എഫ്ബിഐഎല്‍ പ്രസിദ്ധീകരിച്ച മറ്റേതെങ്കിലും ബെഞ്ച്മാര്‍ക്ക് മാര്‍ക്കറ്റ് പലിശ നിരക്ക്
കൂടുതല്‍ ബാങ്കുകള്‍ ഉടന്‍ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചേക്കും. റിപ്പോ നിരക്കിലെ 40 ബിപിഎസ് വര്‍ദ്ധന നിലവിലുള്ളതും പുതിയതായി വായ്പയെടുക്കുന്നവര്‍ക്കും ഉയര്‍ന്ന ചിലവ് സമ്മാനിക്കും. ഹോം ലോണുകളോ ബാഹ്യ ബെഞ്ച്മാര്‍ക്ക് നിരക്കുകളുമായോ ബന്ധിപ്പിച്ചിട്ടുള്ള മറ്റേതെങ്കിലും ലോണുകളോ ലഭ്യമാക്കാന്‍ പദ്ധതിയിടുന്നവരില്‍ ആഘാതം വേഗത്തിലാകും.