ഐസിഐസിഐ ബാങ്കിന്റെ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് വന്‍ വിജയം; ഉപഭോക്താക്കളുടെ എണ്ണം പത്തു ലക്ഷം പിന്നിട്ടു

July 08, 2020 |
|
News

                  ഐസിഐസിഐ ബാങ്കിന്റെ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് വന്‍ വിജയം; ഉപഭോക്താക്കളുടെ എണ്ണം പത്തു ലക്ഷം പിന്നിട്ടു

മുംബൈ: ഐസിഐസിഐ ബാങ്കിന്റെ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവരുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിതമായി വീട്ടിലിരുന്ന് ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ സഹായിക്കുന്ന വാട്ട്‌സ്ആപ്പ് ബാങ്കിംഗ് പ്ലാറ്റ്ഫോം മൂന്നു മാസം മുമ്പാണ് ബാങ്ക് പുറത്തിറക്കിയത്.

സേവിംഗ്സ് അക്കൗണ്ട് ബാലന്‍സ്, ഒടുവിലത്തെ മൂന്ന് ഇടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡ് പരിധി, മുന്‍കൂര്‍ അനുമതിയുള്ള തത്സമയ വായ്പ, ക്രെഡിറ്റ്ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യല്‍ തുടങ്ങിയ ഇടപാടുകളെല്ലാം വാട്ട്സ്ആപ്പ് പ്ലാറ്റ്ഫോം വഴി ഇടപാടുകാര്‍ക്ക് നിര്‍വഹിക്കാം. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കല്‍, സമീപത്തെ അത്യാവശ്യ വസ്തു സ്റ്റോറുകള്‍, ലോണ്‍ മോറട്ടോറിയം സേവനം തുടങ്ങിയവെയല്ലാം അടുത്തകാലത്ത് ഈ പ്ലാറ്റ്ഫോമില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വിദേശ ഇന്ത്യക്കാരായ ഇടപാടുകാര്‍ക്കും ഈ സേവനങ്ങള്‍ ബാങ്ക് നല്‍കിയിട്ടുണ്ട്.

അടുത്ത മൂന്നു മാസത്തില്‍ ഇടപാടുകാരുടെ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഐസിഐസിഐ ബാങ്ക് ഡിജിറ്റല്‍ ചാനല്‍സ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ഹെഡ് ബിജിത് ഭാസ്‌കര്‍ അറിയിച്ചു. ദൈനംദിന ജീവിതത്തില്‍ സോഷ്യല്‍ മീഡിയയ്ക്ക് വലിയ പ്രാമുഖ്യം ലഭിക്കുന്ന സാഹചര്യത്തില്‍ വാട്ട്സ്ആപ്പ് ബാങ്കിംഗ് ഇടപാടുകാര്‍ക്ക് വളരെയധികം സൗകര്യമാണൊരുക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ബാങ്കിന്റെ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങള്‍ വളരെ എളുപ്പത്തില്‍ ഉപയോഗിക്കുവാന്‍ സാധിക്കും. ബാങ്കിന്റെ 86400 86400 എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് സന്ദേശം അയയ്ക്കുക. ബാങ്ക് ലഭ്യമായ സേവനങ്ങള്‍ എന്തൊക്കെയാണെന്നു മറുപടി നല്‍കും. ഈ സേവന പട്ടികയില്‍നിന്ന് ആവശ്യമായതു തെരഞ്ഞെടുക്കുമ്പോള്‍ സേവനങ്ങള്‍ അപ്പോള്‍ തന്നെ മൊബൈലില്‍ ലഭ്യമാകും.

Related Articles

© 2025 Financial Views. All Rights Reserved