
ന്യൂഡല്‍ഹി: ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സില്‍ (ഒഎന്‍ഡിസി) 10 ലക്ഷം ഇക്വിറ്റി ഓഹരികള്‍ 10 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതായി അറിയിച്ച് ഐസിഐസിഐ ബാങ്ക്. ഓഹരികള്‍ ഏറ്റെടുക്കുന്നതോടെ ഒഎന്‍ഡിസിയില്‍ ബാങ്കിന് 5.97 ശതമാനം ഓഹരിയുണ്ടാകും.
ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സിന്റെ 10,00,000 ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള ഓഫര്‍ 2022 മാര്‍ച്ച് 28-ന് അംഗീകരിച്ചതായി ഐസിഐസിഐ ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. 2021 ഡിസംബര്‍ 30നാണ് ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് നിലവില്‍ വരുന്നത്. ചരക്ക് സേവനങ്ങള്‍ ഡിജിറ്റല്‍ കൊമേഴ്‌സ് എക്കോസിസ്റ്റത്തിലേക്ക് മാറ്റുന്നതിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് സാങ്കേതിക സൗകര്യങ്ങള്‍ പദ്ധതിയിലൂടെ ചെയ്ത് കൊടുക്കുന്നു. വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഡിജിറ്റല്‍ കൊമേഴ്സ് സ്പെയ്സില്‍ ഏര്‍പ്പെടുന്നതിന് ഇതരമാര്‍ഗങ്ങള്‍ വിപുലീകരിക്കാനും ഒഎന്‍ഡിസി ലക്ഷ്യമിടുന്നുണ്ട്.
അലോട്ട്‌മെന്റിന് ശേഷം, 100 രൂപ മുഖവിലയുള്ള 10,00,000 ഇക്വിറ്റി ഷെയറുകള്‍ ഏറ്റെടുക്കുന്നതിലൂടെ ഐസിഐസിഐ ബാങ്ക് ഒഎന്‍ഡിസിയില്‍ 5.97 ശതമാനം ഓഹരി കൈവശം വയ്ക്കും. ഓഹരി പങ്കാളിത്തം മാറ്റത്തിന് വിധേയമാണ്, ഇത് പങ്കാളികളായ മറ്റ് നിക്ഷേപകര്‍ ഇടപാട് അവസാനിപ്പിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു,” ബാങ്ക് പറഞ്ഞു.