എന്‍സിഡി വഴി 1200 കോടി രൂപ സമാഹരിച്ച് ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍

November 07, 2020 |
|
News

                  എന്‍സിഡി വഴി 1200 കോടി രൂപ സമാഹരിച്ച് ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍

കൊച്ചി: ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഓഹരിയാക്കി മാറ്റാനാവാത്ത കടപത്രങ്ങളുടെ (എന്‍സിഡി) പ്രൈവറ്റ് പ്ലെയ്‌സ്‌മെന്റ് വഴി 1200 കോടി രൂപ സമാഹരിച്ചു. ക്രിസില്‍ എഎഎ സ്റ്റേബിള്‍, ഐസിആര്‍എ എഎഎ(സ്റ്റേബിള്‍) റേറ്റിങുകള്‍ ഉള്ള എന്‍സിഡികള്‍ വഴിയായിരുന്നു സമാഹരണം. കടപത്രങ്ങള്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ഹോള്‍സെയില്‍ ഡെറ്റ് മാര്‍ക്കറ്റിലും ലിസ്റ്റു ചെയ്യും. 6.85 ശതമാനം കൂപ്പണ്‍ നിരക്കും പത്തു വര്‍ഷ കാലാവധിയുമുള്ള ഇവ അഞ്ചു വര്‍ഷത്തിനു ശേഷം തിരികെ വിളിക്കാനുള്ള അവസരവുമുണ്ട്.

എന്‍സിഡി വഴിയുള്ള തങ്ങളുടെ ആദ്യ നീക്കത്തിനു ലഭിച്ച പ്രതികരണം മികച്ചതായിരുന്നു എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ എന്‍ എസ് കണ്ണന്‍ ചൂണ്ടിക്കാട്ടി. ഭാവിയിലെ ബിസിനസ് വളര്‍ച്ചയ്ക്കായി ഇതുപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, സെക്യേര്‍ഡ് എന്‍സിഡി വഴി രണ്ടായിരം കോടി രൂപ സമാഹരിക്കുമെന്ന് മുത്തൂറ്റ് ഫിനാന്‍സും അറിയിച്ചിരുന്നു. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 20 വരെയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പബ്ലിക് ഇഷ്യൂവിന്റെ 23-ാമത് സീരിസ് വഴി ആയിരം രൂപ വീതം മുഖവിലയുള്ള എന്‍സിഡികളാണ് വിതരണം ചെയ്യുന്നതും. നൂറു കോടി രൂപയുടെ ഈ ഇഷ്യുവിലെ 1900 കോടി രൂപ വരെയുള്ള അധിക സമാഹരണവും കൈവശം വെക്കാന്‍ സാധിക്കും. ഈ കടപത്രങ്ങള്‍ ബിഎസ്ഇയില്‍ ലിസ്റ്റു ചെയ്യാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.

7.15 ശതമാനം മുതല്‍ എട്ടു ശതമാനം വരെ കൂപ്പണ്‍ നിരക്കുകള്‍ ഉള്ള ആറു വ്യത്യസ്ത നിക്ഷേപ പദ്ധതികളാണ് ഇഷ്യുവില്‍ ലഭ്യമായിട്ടുള്ളത്. പലിശ നിരക്കുകള്‍ കുറഞ്ഞിരിക്കുകയും ഇനിയും താഴുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ തങ്ങളുടെ ഇഷ്യു നിക്ഷേപകര്‍ക്ക് ഉയര്‍ന്ന വരുമാനത്തോടു കൂടിയ സുരക്ഷിതമായ ദീര്‍ഘകാല നിക്ഷേപ സാധ്യതകളാണു നല്‍കുന്നതെന്ന് കമ്പനി പറയുന്നു. കമ്പനിയുടെ വായ്പാ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഇഷ്യു വഴി ലഭിക്കുന്ന പണം പ്രാഥമികമായി ഉപയോഗിക്കുക.

Related Articles

© 2025 Financial Views. All Rights Reserved