
പശുക്കൊഴുപ്പ് ഭക്ഷണ ചേരുവയായി ഉപയോഗിക്കുന്നു എന്ന പ്രചരണങ്ങള്‍ക്കിരയാകുകയാണ് ഐഡി ഫ്രഷ് ഫുഡ് ഇന്ത്യ. മലയാളി സംരംഭകന്റെ ഉടമസ്ഥതയിലുള്ള ബംഗളൂരു ആസ്ഥാനമായ ഐഡി ഫ്രഷ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ സോഷ്യമീഡിയയിലും വാട്ട്സ്ആപ്പിലും സംഘ്പരിവാര്‍ വിദ്വേഷപ്രചാരണം വ്യാപകമാണ്. ഒരൊറ്റ ഹിന്ദു പോലും ഐഡി ഫ്രഷ് ഉത്പന്നങ്ങള്‍ ഉപയോഗിക്കരുത് എന്നുള്ള ക്യാമ്പയ്ന്‍ തന്നെ വന്നുകഴിഞ്ഞു.
ഐഡി ഇഡലി-ദോശ മാവുകള്‍ വില്‍ക്കുന്ന ചെന്നൈയിലെ എല്ലാ കടക്കാരോടും സൂപ്പര്‍മാര്‍ക്കറ്റുകളോടും, അവര്‍ പശുവിന്റെ എല്ലും കാളക്കുട്ടിയുടെ കുടലില്‍ നിന്നുണ്ടാക്കുന്ന പ്രോട്ടീനും മാവില്‍ ഉപയോഗിക്കുന്നുണ്ട്. മുസ്ലിം ജീവനക്കാര്‍ മാത്രമുള്ള കമ്പനിയാണ് ഇതെന്ന് യഥാര്‍ത്ഥത്തില്‍ എത്ര പേര്‍ക്കറിയാം. ഹലാല്‍ സര്‍ട്ടിഫൈഡുമാണ്. ഓരോ ഹിന്ദുവും ഐഡിയുടെ ഉത്പന്നങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം എന്ന ട്വീറ്റാണ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. സ്ഥാപനം ആരംഭിച്ച മുസ്തഫയുടെയും ബന്ധുക്കളുടെയും പേരെടുത്തു പറഞ്ഞും വിദ്വേഷ പ്രചാരണം നടത്തുന്നുണ്ട്. ഈ സന്ദേശം പിന്നീട് ഫേസ്ബുക്കിലും വാട്സാപ്പിലും നിരവധി തവണ ഷെയര്‍ ചെയ്യപ്പെട്ടു.
എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്നറിയിച്ച് ഐഡി ഫ്രഷ് പ്രസ്താവന പുറത്തിറക്കി. ഐഡി ഉല്‍പ്പന്നങ്ങളില്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നു എന്നത് തെറ്റിദ്ധാരണാജകനവും അടിസ്ഥാന രഹിതവുമായ വിവരമാണ്. കമ്പനിയുടെ ഉത്പന്നങ്ങളില്‍ ഐഡി വെജിറ്റേറിയന്‍ ചേരുവകള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഐഡി ഇഡലി ദോശമാവില്‍ അരി, പരിപ്പ്, ഉലുവ, വെള്ളം എന്നിവയാണ് ഉപയോഗിക്കുന്നത്. ഇത് സമ്പൂര്‍ണമായി പ്രകൃതിദത്തമാണ്. അന്താരാഷ്ട്ര നിലവാരത്തിലാണ് തങ്ങള്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതെന്നും ഇവ രാസമുക്തവും ഭക്ഷ്യസുരക്ഷാ മാനേജ്മെന്റ് സംവിധാനത്തിന് അനുസൃതമാണെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.
ഐഡി ഫ്രഷ് ഫുഡ് വന്ന വഴി
മുസ്തഫയും ബന്ധുക്കളായ കുറച്ചുപേരും ചേര്‍ന്ന് 2005 ഡിസംബറിലാണ് ഐഡി ഫ്രഷ് തുടങ്ങിയത്. 25000 രൂപയുടെ മൂലധനത്തിലായിരുന്നു കമ്പനിയുടെ തുടക്കം. ബന്ധുക്കളാായ നാസറും ഷംസുവും ജാഫറും നൗഷാദും ഒപ്പം കൂടി. അമ്പത് ശതമാനം ഓഹരി മുസ്തഫയ്ക്കും ബാക്കി അമ്പത് ശതമാനം മറ്റുള്ളവര്‍ക്കും. ബെംഗളൂരുവില്‍ 550 ച. അടി മാത്രമുള്ള ഒരു സ്ഥലത്തായിരുന്നു കമ്പനിയുടെ തുടക്കം. ആകെയുള്ളത് രണ്ട് ഗ്രൈന്‍ഡറും ഒരു മിക്സിയും ഒരു സീലിങ് മെഷിനും. കമ്പനിക്ക് ഐ ഡി ഫ്രഷ് എന്ന് പേരിട്ടു. സമീപത്തെ ഇരുപത് കടകളില്‍ മാവ് വില്‍ക്കാനായിരുന്നു പദ്ധതി. ദിവസവും നൂറ് പായ്ക്ക് വില്‍ക്കാനായാല്‍ കൂടുതല്‍ മെഷിനുകള്‍ വാങ്ങാനായിരുന്നു ധാരണ. എന്നാല്‍, പുതിയ ഉത്പ്പന്നം വില്‍പ്പനയ്ക്ക് വയ്ക്കാന്‍ പല കടക്കാരും സമ്മതിച്ചില്ല. പല വിദ്യകളും പയറ്റിയാണ് ഇവരുടെ മനസ്സൊന്ന് മാറ്റിയെടുക്കാനായത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ദിവസവും നൂറ് പായ്ക്കെന്ന ടാര്‍ജറ്റ് അവര്‍ കൈവരിച്ചു. ആദ്യത്തെ മാസം 400 രൂപയായിരുന്നു ലാഭം. ടാര്‍ജറ്റ് കൈവരിച്ചതോടെ സ്ഥാപനം വിപുലീകരിച്ചു. മൂലധനം ആറു ലക്ഷമാക്കി. അടുക്കളയുടെ വലിപ്പവും ഉപകരണങ്ങളുടെ എണ്ണവും കൂട്ടി. അഞ്ച് ബന്ധുക്കള്‍ക്ക് കൂടി ജോലിയും കൊടുത്തു.
നിത്യേനയുള്ള ഉത്പ്പാദനം 3,500 കിലോയായി. മാവ് വാങ്ങുന്ന കടകളുടെ എണ്ണം 400 ആയി. 30 ജീവനക്കാരുമായി. അടുത്ത വര്‍ഷം 40 ലക്ഷം രൂപ കൂടി നിക്ഷേപിച്ച് കമ്പനി വീണ്ടും വിപുലീകരിച്ചു. ഹോസ്‌ക്കോട്ടെയില്‍ 2500 ച. അടി വിസ്തീര്‍ണമുള്ള ഷെഡിലായി മാവ് നിര്‍മാണം. അമേരിക്കയില്‍ നിന്ന് അഞ്ച് കൂറ്റന്‍ വെറ്റ് ഗ്രൈന്‍ഡറുകള്‍ ഇറക്കുമതി ചെയ്യുകയും ചെയ്തു. അതേ വര്‍ഷം തന്നെ പൊറോട്ടയും ഉണ്ടാക്കിത്തുടങ്ങി.
കൃത്രിമമായ പ്രിസര്‍വേറ്റീവുകളൊന്നും ചേര്‍ക്കാത്ത മാവിനും പൊറോട്ടയ്ക്കും ആവശ്യക്കാര്‍ അനുദിനം വര്‍ധിച്ചു. കമ്പനിയുടെ പ്രരവര്‍ത്തനം ചെന്നൈ, മംഗളൂരു, മുംബൈ, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു. രണ്ട് വര്‍ഷം മുന്‍പ് ഐഡി ഫ്രഷും മുസ്തഫയും ദുബായിലുമെത്തി. ഇന്ന് ദോശ മാവിന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ദുബായില്‍ നിന്നാണ്. ഇന്ന് ദിവസേന 50,000 കിലോ മാവാണ് കമ്പനി ഉണ്ടാക്കുന്നത്. ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്ന പ്രധാനപ്പെട്ട എല്ലാ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റുകളിലും ഇന്ന് ഐഡി ഫ്രഷിന്റെ ദോശമാവും ഇഡ്ഡലി മാവും ലഭിക്കും. പത്ത് വര്‍ഷം മുന്‍പ് ദിവസവും പത്ത് പായ്ക്കറ്റ് ഉണ്ടാക്കി വിറ്റവര്‍ ഇന്ന് വില്‍ക്കുന്നത് പ്രതിദിനം അമ്പതിനായിരം പായ്ക്ക്. 1,100 ജോലിക്കാരുമായി. പിന്നാക്ക പ്രദേശങ്ങളില്‍ നിന്നു വന്നവര്‍ ഇന്ന് ഒരു മാസം വാങ്ങുന്നത് നാല്‍പ്പതിനായിരത്തോളം രൂപ. ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി അഞ്ച് ഫാക്ടറികളും ഉണ്ട്.
ആരാണ് മുസ്തഫ?
വയനാട് കല്‍പ്പറ്റയ്ക്കടുത്ത് ചെന്നലോട് ജനിച്ച ഒരു സാധാരണ കുടുംബത്തിലെ അംഗം. ആറാം ക്ലാസില്‍ തോറ്റപ്പോള്‍ ഇംഗ്ലീഷിനോടും ഹിന്ദിയോടും ഇനിയും തോല്‍ക്കാനാവില്ലെന്ന് ചിന്തിച്ച് കൂലിപ്പണിയ്ക്ക് പോകാന്‍ തയാറായ ഒരു കുട്ടി. പക്ഷേ, കണക്കില്‍ മിടുക്കനായ മുസ്തഫ പഠിത്തം നിര്‍ത്തുന്നതിനോട് തോമസ് സാറിന് ഒട്ടും യോജിപ്പുണ്ടായില്ല. മാഷിന്റെ വാക്ക് കേട്ട് മുസ്തഫ മടിച്ചു മടിച്ചാണ് പഴയ ക്ലാസില്‍ പിന്നെയും വന്നിരുന്നത്.
കൂലിപ്പണിയെടുത്ത് കുടുബം പുലര്‍ത്താതെ മകന്‍ പിന്നെയും പഠിക്കാന്‍ പോവുന്നതിനോട് ഉപ്പയ്ക്ക് വലിയ താത്പര്യം ഉണ്ടായിരുന്നില്ല. തോമസ് സാറിന് നന്നായി പണിപ്പെടേണ്ടിവന്നു. മനസ്സില്ലാ മനസ്സോടെ ക്ലാസിലെത്തിയ മുസ്തഫയെ ഇംഗ്ലീഷിന്റെയും ഹിന്ദിയുടെയും കടമ്പ കടത്തിക്കൊടുത്തതും തോമസ് സാര്‍ തന്നെ. മാഷിന്റെ പ്രയത്നം വിഫലമായില്ല. ഏഴാം ക്ലാസില്‍ ഒന്നാം റാങ്കുകാരനായിരുന്നു മുസ്തഫ. പത്താം ക്ലാസില്‍ സ്‌കൂളില്‍ ഒന്നാമനായി. പിന്നീട് കോഴിക്കോട് ഫാറൂഖ് കോളേജില്‍ പ്രവേശനം ലഭിച്ചു. പഠിത്തത്തിനും താമസത്തിനുമുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ടിയെങ്കിലും പഠനം പൂര്‍ത്തിയാക്കി.
അക്കൊല്ലം തന്നെ എഞ്ചിനീയറിങ് എന്‍ട്രന്‍സ് എഴുതി. അറുപത്തിമൂന്നാം റാങ്കുകാരന് അന്നത്തെ റീജ്യണല്‍ എഞ്ചിനീയറിങ് കോളേജില്‍ പ്രവേശനവും ലഭിച്ചു. കമ്പ്യൂട്ടര്‍ സയന്‍സായിരുന്നു വിഷയം. കണക്കിലെ മിടുക്കും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും കൊണ്ട് വിദ്യാഭ്യാസ വായ്പയെടുത്താണെങ്കിലും കോഴ്സ് പൂര്‍ത്തിയാക്കി. 1995ല്‍ ബെംഗളരൂരിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ മാന്‍ഹാട്ടന്‍ അസോസിയേറ്റ്സില്‍ ചേര്‍ന്നു. അവിടെ നിന്ന് മോട്ടൊറോളയില്‍. കമ്പനി മുസ്തഫയെ പരിശീലനത്തിനായി അയര്‍ലന്‍ഡിലേയ്ക്ക് അയച്ചു. പിന്നീട് വലിയ ശമ്പളത്തിന് ദുബായിലെ സിറ്റി ബാങ്കിലെത്തി.
സ്വന്തം കല്ല്യാണം കഴിഞ്ഞ് 2003ല്‍ മുസ്തഫ വീണ്ടും ഇന്ത്യയിലേയ്ക്ക് മടങ്ങി. വീട്ടുകാര്‍ക്കൊപ്പം ജീവിക്കുകയും പഠനം തുടരുകയുമായിരുന്നു ലക്ഷ്യം. ജനിച്ച നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന മോഹം മുസ്തഫയുടെ മനസ്സില്‍ ഉദിച്ചത് ഇക്കാലത്താണ്. അങ്ങിനെയാണ് ഒരു വ്യവസായ സ്ഥാപനം തുടങ്ങണമെന്ന ചിന്ത ഉണ്ടായതും ഐഡി ഫ്രഷ് ഫുഡ് തുടങ്ങുന്നതും. ഇന്ന് കമ്പനിയുടെ വിറ്റുവരവ് 100 കോടി രൂപയിലേറെയാണ്. കമ്പനിയില്‍ ജോലി ചെയ്യുന്നതാവട്ടെ 1,100ല്‍പ്പരം ആളുകളും.