
ഡിജിറ്റല്‍ പണമിടപാടു നടന്നില്ലെങ്കില്‍ പരാതി നല്‍കാന്‍ ഓണ്‍ലൈന്‍ സംവിധാനം ആരംഭിക്കാന്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളോടും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു. മൊബൈല്‍ ആപുകള്‍ വഴിയാണ് പണമിടപാടു നടത്തുന്നതെങ്കില്‍ ഓണ്‍ലൈനായി പരാതി നല്‍കാനുള്ള സംവിധാനം അതില്‍ തന്നെ ഉണ്ടായിരിക്കണം. 2021 ജനുവരി ഒന്നോടു കൂടി ഈ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം (ഒഡിആര്‍) ആരംഭിക്കണമെന്നാണ് ആര്‍ബിഐ നിര്‍ദ്ദേശം. തുടക്കത്തില്‍ പേയ്മെന്റുകള്‍ പരാജയപ്പെടുന്നതിനെ കുറിച്ചുള്ള പരാതികള്‍ മാത്രമായിരിക്കും ഇങ്ങനെ ഓണ്‍ലൈനായി സ്വീകരിക്കുക. പിന്നീട് കൂടുതല്‍ ഇനങ്ങളിലെ പരാതികള്‍ക്കും ഇതിലൂടെ പരിഹാരം നല്‍കും.
ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഇല്ലാതെയും ഉണ്ടായാല്‍ തന്നെ പരമാവധി കുറച്ചും സിസ്റ്റം വഴിയാകും ഇതില്‍ പരാതികള്‍ പരിഹരിക്കുക. ബാങ്കുകളും ബാങ്കിതര സ്ഥാപനങ്ങളും അവരുടെ പങ്കാളികളും ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. ഈ സംവിധാനത്തിലൂടെ നല്‍കുന്ന പരാതികള്‍ ഒരു മാസത്തിനകം പരിഹരിക്കപ്പെടും. ഇതുണ്ടായില്ലെങ്കില്‍ ബന്ധപ്പെട്ട ഓംബുഡ്സ്മാനെ സമീപിക്കാം.
ലളിതമായ രീതിയിലും ഏറ്റവും കുറവു വിവരങ്ങള്‍ നല്‍കിക്കൊണ്ടും പരാതികള്‍ നല്‍കാനാവുന്നതായിരിക്കും ഈ സംവിധാനം. ഉപഭോക്താവ് നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓട്ടോമാറ്റിക് ആയി മറ്റുള്ള മുഴുവന്‍ ഡാറ്റയും കണ്ടെത്തിയായിരിക്കും ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തിക്കുക. ഇതുമായി ബന്ധപ്പെട്ട ഡാറ്റയുടെ രഹസ്യ സ്വഭാവവും സൂക്ഷിക്കും. പരാതി നല്‍കുന്നവര്‍ക്ക് അതു ട്രാക്ക് ചെയ്യാനും അവസരമുണ്ടാകും.