
ന്യൂഡല്‍ഹി: താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് നടത്തുന്ന ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തില്‍ 95.96 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ പാദത്തിലെ അറ്റാദായം 130.92 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ 728.37 കോടി രൂപയില്‍ നിന്ന് ഡിസംബര്‍ പാദത്തില്‍ 1,111.22 കോടി രൂപയായി കുത്തനെ ഉയര്‍ന്നതായി ഐഎച്ച്‌സിഎല്‍ അറിയിച്ചു.
കമ്പനിയുടെ മൊത്ത വരുമാനം മുന്‍ പാദത്തിലെ 752.28 കോടി രൂപയില്‍ നിന്ന് മൂന്നാം പാദത്തില്‍ 1,133.92 കോടി രൂപയായി ഉയര്‍ന്നു. താജ്, സെലീക്യുഷന്‍, വിവാന്ത, ജിഞ്ചര്‍ എന്നീ ബ്രാന്‍ഡുകള്‍ക്ക് കീഴിലാണ് കമ്പനി ഹോട്ടലുകള്‍ നടത്തുന്നത്. കോവിഡ് -19 ഡിസംബര്‍ വരെയുള്ള ഒമ്പത് മാസങ്ങളില്‍ തങ്ങളുടെ ബിസിനസിനെ ബാധിച്ചതായി കമ്പനി അറിയിച്ചു. വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍, കോവിഡ് -19 ന്റെ രണ്ടാം തരംഗവും രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണുകളും കാരണം കമ്പനിയുടെ വരുമാനം കുറഞ്ഞു.
എന്നിരുന്നാലും, വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും ഡിമാന്‍ഡ് കുത്തനെ വീണ്ടെടുക്കാന്‍ സാധിച്ചു. പ്രത്യേകിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍. നാലാം പാദം, ഒമിക്രോണ്‍ തരംഗത്തോടെയാണ് ആരംഭിച്ചത്. കമ്പനി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. 2021 ഒക്ടോബറില്‍, ജിഞ്ചര്‍ ഹോട്ടല്‍സ് നടത്തുന്ന റൂട്ട്സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഒരു ബാലന്‍സ് ഓഹരി വാങ്ങാന്‍ കമ്പനിയുടെ ബോര്‍ഡ് അംഗീകാരം നല്‍കി. ടാറ്റ ക്യാപിറ്റലിലെ ഒമേഗ ടിസി ഹോള്‍ഡിംഗ്സില്‍ നിന്ന് സ്ഥാപനത്തിന്റെ ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ ഏകദേശം 40 ശതമാനം സമാഹരിച്ചു.