ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അനുമാനം ഐഎംഎഫ് പുതുക്കിയേക്കും

June 01, 2022 |
|
News

                  ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അനുമാനം ഐഎംഎഫ് പുതുക്കിയേക്കും

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അനുമാനം രാജ്യാന്തര നാണയനിധി പുതുക്കി നിശ്ചയിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്. നേരത്തെ 2022ല്‍ 8.2 ശതമാനം വളര്‍ച്ച രാജ്യം രേഖപ്പെടുത്തുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ഇതിലും താഴെയായി പ്രതീക്ഷിത വളര്‍ച്ചാനിരക്ക് രാജ്യാന്തര നാണ്യനിധി പുതുക്കി നിശ്ചയിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനുള്ള നടപടികള്‍ ഐഎംഎഫ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ജനുവരിയില്‍ ഒന്‍പത് ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു പ്രവചനം. ഏപ്രിലില്‍ ആണ് ഇത് 8.2 ശതമാനമായി കുറച്ചത്. വീണ്ടും വളര്‍ച്ചാനിരക്ക് കുറച്ചേക്കുമെന്നാണ് സൂചന. ആഗോളതലത്തില്‍ ഉല്‍പ്പാദനത്തില്‍ വര്‍ധനയില്ലാതെ നാണയപ്പെരുപ്പം ഉയരുന്ന സാമ്പത്തിക സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഇതുള്‍പ്പെടെയുള്ള ഘടകങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുന്നതായാണ് ഐഎംഎഫിന്റെ കണക്കുകൂട്ടല്‍.

2023ല്‍ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് 6.9 ശതമാനമായിരിക്കുമെന്നാണ് പ്രവചനം. അതിവേഗം വളരുന്ന രാജ്യമാണ് ഇന്ത്യ. നിലവില്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. നാണയപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ അമേരിക്കയുടെയും യൂറോപ്പ്യന്‍ രാജ്യങ്ങളുടെയും കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തുന്നത് ആരംഭിച്ചിട്ടുണ്ട്. ഇത് ഉല്‍പ്പന്നങ്ങളുടെ വില ഉയരാന്‍ കാരണമാകുമെന്നും രാജ്യാന്തര നാണ്യനിധി മുന്നറിയിപ്പ് നല്‍കി. ചൈന നേരിടുന്ന വെല്ലുവിളികള്‍ ഇന്ത്യയെയും ബാധിക്കും. ചൈനയില്‍ കോവിഡ് പിടിച്ചുനിര്‍ത്താന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ആഗോളതലത്തില്‍ ഉല്‍പ്പന്നങ്ങളുടെ വിതരണത്തെ ബാധിക്കുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നല്‍കുന്നു.

Related Articles

© 2025 Financial Views. All Rights Reserved