അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളില്‍ ഒന്ന് ഇന്ത്യ; ചൈനയെ പിന്നിലാക്കും: ഐഎംഎഫ്

April 07, 2021 |
|
News

                  അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളില്‍ ഒന്ന് ഇന്ത്യ; ചൈനയെ പിന്നിലാക്കും: ഐഎംഎഫ്

ന്യൂഡല്‍ഹി: കോവിഡ് വരുത്തിവെച്ച ക്ഷീണത്തില്‍ നിന്നും ലോകരാജ്യങ്ങള്‍ പതിയെ തിരിച്ചുവരികയാണ്. നടപ്പു സാമ്പത്തിക വര്‍ഷം അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളില്‍ ഒന്നായി ഇന്ത്യ മാറുമെന്ന് പ്രവചിച്ചിരിക്കുകയാണ് രാജ്യാന്തര നാണ്യനിധി (ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട് - ഐഎംഎഫ്). ഇന്ത്യയുടെ കാര്യത്തില്‍ 12.5 ശതമാനം വളര്‍ച്ചാ നിരക്ക് ഐഎംഎഫ് കണക്കുകൂട്ടുന്നു. മഹാമാരി അലട്ടിയ 2020 വര്‍ഷം സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയ ചൈന പോലും ഇക്കുറി ഇന്ത്യയ്ക്ക് പിന്നിലാവും. 2022ല്‍ 6.9 ശതമാനമായിരിക്കും ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയെന്നും വാഷിങ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര നാണ്യനിധി പ്രവചിക്കുന്നുണ്ട്.

2020ല്‍ കോവിഡ് ഭീതിയും സമ്പൂര്‍ണ ലോക്ക്ഡൗണും കാരണം ഇന്ത്യയുടെ സമ്പദ്ഘടന തകര്‍ന്നടിഞ്ഞിരുന്നു. പോയവര്‍ഷം 8 ശതമാനം ഇടിവ് ഇന്ത്യയുടെ ജിഡിപി നിരക്കില്‍ സംഭവിച്ചു. എന്നാല്‍ 2021ല്‍ ഇന്ത്യ ശക്തമായി തിരിച്ചെത്തുമെന്നാണ് ഐഎംഎഫിന്റെ നിരീക്ഷണം. മറുപക്ഷത്ത് ചൈനയുടെ വളര്‍ച്ചയെ കുറിച്ചും ഐഎംഎഫിന്റെ റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നുണ്ട്.

പോയവര്‍ഷം വളര്‍ച്ച കുറിച്ച ഏക സാമ്പത്തിക ശക്തിയായിരുന്നു ചൈന. 2020ല്‍ ലോകരാജ്യങ്ങള്‍ ഒന്നടങ്കം അനിശ്ചിതത്വത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ ചൈനീസ് സമ്പദ്ഘടന 2.3 ശതമാനം മുന്നേറുകയുണ്ടായി. ഈ വര്‍ഷവും ചൈനയുടെ വളര്‍ച്ചയ്ക്ക് കോട്ടം തട്ടില്ല. 2021ല്‍ ചൈന 8.6 ശതമാനം വളര്‍ച്ചാ നിരക്ക് കയ്യടക്കുമെന്നാണ് ഐഎംഎഫ് പറയുന്നത്. 2022ല്‍ ചൈനയുടെ വളര്‍ച്ച 5.6 ശതമാനമായി നിജപ്പെടും.

'2021, 2022 വര്‍ഷങ്ങളില്‍ ആഗോള സമ്പദ്ഘടന പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തും. കഴിഞ്ഞതവണ പ്രവചിച്ച വളര്‍ച്ചാ നിരക്കുകളില്‍ ചെറിയ തിരുത്തല്‍ ഐഎംഎഫ് വരുത്തുകയാണ്. ഈ വര്‍ഷം ആഗോള സമ്പദ്ഘടന 6 ശതമാനം മുന്നേറും. 2021 -ല്‍ സാമ്പത്തിക വളര്‍ച്ച 4.4 ശതമാനത്തിലായിരിക്കും എത്തിനില്‍ക്കുക', ഐഎംഎഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധയായ ഗീതാ ഗോപിനാഥ് അറിയിച്ചു. പോയവര്‍ഷം ആഗോള സമ്പദ്ഘടന -4.3 ശതമാനമെന്ന നെഗറ്റീവ് വളര്‍ച്ചയാണ് കുറിച്ചത്. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദം നിയന്ത്രണങ്ങളില്‍ ഇളവു വന്നതും വാക്സിനേഷന്‍ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചതും ആഗോള സമ്പദ്ഘടയുടെ ചെറുത്തുനില്‍പ്പിനെ ഒരുപരിധിവരെ സ്വാധീനിച്ചു. ഏതാനും മുന്‍നിര രാജ്യങ്ങള്‍ സാമ്പത്തിക ഉത്തേജന പാക്കേജുകളുമായി രംഗത്തെത്തിയതും സമ്പദ്ഘടനയ്ക്ക് തുണയായി.

എന്തായാലും ആഗോള സമ്പദ്ഘടനയുടെ ഇടക്കാല വളര്‍ച്ച 3.3 ശതമാനത്തോളമായിരിക്കുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്. മഹാമാരിയെ ലോകം പൂര്‍ണമായി ഇനിയും അതിജീവിച്ചിട്ടില്ല. പല രാജ്യങ്ങളിലും കോവിഡ് വ്യാപനം വീണ്ടും ശക്തപ്പെടുന്നതായി ഗീതാ ഗോപിനാഥ് സൂചിപ്പിച്ചു. ഈ സാഹചര്യത്തില്‍ പണപ്പെരുപ്പം അടിസ്ഥാനപ്പെടുത്തി ധന, വായ്പാ നയങ്ങള്‍ ഉദാരമായി തുടരണം. ഒപ്പം 'മാക്രോപ്രുഡന്‍ഷ്യല്‍ ടൂളുകള്‍' ഉപയോഗിച്ച് സാമ്പത്തിക മേഖലയിലെ അപകടസാധ്യതകള്‍ കണ്ടെത്തി പരിഹരിക്കേണ്ടതുണ്ട്. ആരോഗ്യ പ്രതിസന്ധി അവസാനിച്ചാല്‍ സമഗ്രവും ഹരിതവുമായ സമ്പദ്വ്യവസ്ഥകള്‍ കെട്ടിപ്പടുക്കുന്നതിലേക്ക് രാജ്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും, ഗീതാ ഗോപിനാഥ് വ്യക്തമാക്കി.

Related Articles

© 2024 Financial Views. All Rights Reserved