കോവിഡിനെതിരെ 1 ട്രില്യൻ ഡോളറും വിനിയോഗിക്കും; പോരാടാൻ ഉറച്ച് രാജ്യാന്തര നാണയ നിധി

April 16, 2020 |
|
News

                  കോവിഡിനെതിരെ 1 ട്രില്യൻ ഡോളറും വിനിയോഗിക്കും; പോരാടാൻ ഉറച്ച് രാജ്യാന്തര നാണയ നിധി

വാഷിങ്ടൺ: കോവിഡ്-19 രോഗബാധയ്ക്കെതിരെ പോരാടാൻ പരമാവധി വായ്പാശേഷിയായ 1 ട്രില്യൻ ഡോളറും വിനിയോഗിക്കുമെന്ന് രാജ്യാന്തര നാണയ നിധി. ഇതുവരെയില്ലാത്ത തരം പ്രതിസന്ധി കോവി‍ഡ് മാഹാമാരി സൃഷ്ടിച്ചിരിക്കുന്നതിനാൽ വൈറസിനെതിരെ പൊരുതാൻ രാജ്യങ്ങളെ സഹായിക്കുമെന്നും ഐഎംഎഫ് മേധാവി ക്രിസ്റ്റലിന ജോർജീവ പറഞ്ഞു.

ഇതുവരെ കാണാത്ത തരത്തിലുള്ള പ്രതിസന്ധിയാണിത്. ആഗോള സാമ്പത്തിക മാന്ദ്യത്തിനുശേഷം ഇത്രയും രൂക്ഷമായൊരു പ്രതിസന്ധിയുണ്ടാകുന്നത് ആദ്യമായാണ്. പ്രതിശീർഷ വരുമാനം വർധിക്കുമെന്നു പ്രതീക്ഷിച്ച 170 രാജ്യങ്ങള്‍ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കാണു പോകുന്നതെന്നും ഐഎംഎഫ്, ലോകബാങ്ക് എന്നിവയുടെ യോഗത്തിനിടെ ക്രിസ്റ്റലിന മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
കോവിഡ് ബാധിത രാജ്യങ്ങൾക്കുള്ള അടിയന്തര സാമ്പത്തിക സഹായം ഇരട്ടിയാക്കുമെന്നും അവർ പറഞ്ഞു. 102 രാജ്യങ്ങളാണ് ഇതുവരെ സഹായം ചോദിച്ചെത്തിയിട്ടുള്ളത്. 15 അംഗങ്ങൾക്കു ചുരുങ്ങിയ സമയത്തിനുള്ളില്‍തന്നെ സഹായം നൽകി. 25 ദരിദ്ര രാജ്യങ്ങൾക്ക് കടാശ്വാസം അനുവദിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് എത്തിക്കുന്നതിന് ഐഎംഎഫിന് ഐകകണ്ഠ്യേന പിന്തുണ നൽകാനുള്ള ജി20 ചർച്ചയിലെ തീരുമാനം സന്തോഷകരമാണ്.

പാവപ്പെട്ട രാജ്യങ്ങൾക്കായി ഇനിയും വിഭവങ്ങൾ ആവശ്യമുണ്ട്. സാധാരണയേക്കാളും മൂന്നിരട്ടി സഹായം ലഭ്യമാക്കാനാണു ശ്രമമെന്നും ഐഎംഎഫ് മേധാവി അറിയിച്ചു. കോവിഡ് കാരണം ലോകം കഴിഞ്ഞ 90 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുന്നതായി ഐഎംഎഫ് നേരത്തേ അറിയിച്ചിരുന്നു. 1930ലെ മഹാമാന്ദ്യത്തിനു ശേഷമുള്ള തകർച്ചയാണു വരാനിരിക്കുന്നത്. ഈ സാമ്പത്തിക വർഷത്തില്‍ ഇന്ത്യയുടെ വളർച്ചാ നിരക്ക് 1.9 ശതമാനമായി കുത്തനെ കുറയുമെന്നും ഐഎംഎഫ് അറിയിച്ചു.

Related Articles

© 2024 Financial Views. All Rights Reserved