വലിയ സാമ്പത്തിക ശക്തികളെ അപേക്ഷിച്ച് ചൈനയുടെ തിരിച്ചുവരവ് അതിവേഗമെന്ന് ഐഎംഎഫ്

January 11, 2021 |
|
News

                  വലിയ സാമ്പത്തിക ശക്തികളെ അപേക്ഷിച്ച് ചൈനയുടെ തിരിച്ചുവരവ് അതിവേഗമെന്ന് ഐഎംഎഫ്

കൊവിഡ് പ്രതിസന്ധിയില്‍ ആഗോള സമ്പദ്ഘടന കാര്യമായി ശോഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ് ഒട്ടുമിക്ക രാജ്യങ്ങളും. നിലവില്‍ ചൈനയാണ് സുപ്രധാന സാമ്പത്തിക ശക്തികളില്‍ അതിവേഗം പൂര്‍വസ്ഥിതിയില്‍ എത്താനൊരുങ്ങുന്നത്. ഇക്കാര്യം രാജ്യാന്തര നാണ്യനിധിയും (ഐഎംഎഫ്) സമ്മതിക്കുന്നു.

2021 വര്‍ഷം എട്ടു ശതമാനം വളര്‍ച്ചാ നിരക്കാണ് ചൈനയുടെ കാര്യത്തില്‍ ഐഎംഎഫ് പ്രവചിക്കുന്നത്. എന്നാല്‍ ചൈനയുടെ തിരിച്ചുവരവ് അസന്തുലിതമാണെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നു. സ്ഥിരതയാര്‍ന്ന വളര്‍ച്ചയില്ലെന്നതാണ് ചൈനീസ് സമ്പദ്ഘടനയെ കുറിച്ചുള്ള ഐഎംഎഫിന്റെ ആശങ്ക.

'മറ്റു വലിയ സാമ്പത്തിക ശക്തികളെ അപേക്ഷിച്ച് ചൈനയുടെ തിരിച്ചുവരവ് അതിവേഗം യാഥാര്‍ത്ഥ്യമാവുകയാണ്. എന്നാല്‍ ചൈനീസ് സമ്പദ്ഘടനയുടെ പെട്ടെന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പ് അസ്ഥിരമാണ്. വലിയ അപകടങ്ങള്‍ക്ക് ഇതു വഴിതെളിക്കാം. 2020 വര്‍ഷം രണ്ടു ശതമാനം വളര്‍ച്ചയാകും ചൈന കുറിക്കുക. 2021 -ല്‍ എട്ടു ശതമാനത്തോളം വളര്‍ച്ചാ നിരക്ക് ചൈന കാഴ്ച്ചവെക്കുന്നുണ്ടുതാനും', ഐഎംഎഫിന്റെ ഏഷ്യാ പസിഫിക് വികസന വിഭാഗം അസിസ്റ്റന്റ് ഡയറക്ടറും ചൈനാ മിഷന്‍ മേധാവിയുമായ ഹെല്‍ഗെ ബെര്‍ഗര്‍ പറഞ്ഞു.

ഇതേസമയം, ഇപ്പോഴുള്ള ആഗോള ഡിമാന്‍ഡും സമ്പദ്വ്യവസ്ഥ പ്രകടമാക്കുന്ന ജിഡിപി വളര്‍ച്ചയും തമ്മില്‍ വലിയ വ്യത്യാസം ചൈനയുടെ കാര്യത്തിലുണ്ട്. ഇവിടെയാണ് ചൈനയുടെ വളര്‍ച്ച അസന്തുലിതമാണെന്ന് ഐഎംഎഫ് പറയാന്‍ കാരണം. സമ്പദ്നയങ്ങളില്‍ ഈ വ്യത്യാസം സ്വാധീനം ചെലുത്തും. നിലവില്‍ ചൈനയ്ക്ക് നല്‍കിവരുന്ന സാമ്പത്തിക നയ പിന്തുണ പിന്‍വലിക്കാന്‍ ഐഎംഎഫിന് ഉദ്ദേശ്യമില്ലെന്ന് ഹെല്‍ഗെ അറിയിച്ചു.

കൊവിഡ് തളര്‍ത്തിയിട്ടും ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ചൈനയില്‍ അതിവേഗം പുരോഗമിക്കുന്നുണ്ട്. എന്നാല്‍ ഈ പരിഷ്‌കാരശ്രമങ്ങള്‍ പുറംലോകത്തിന് സാമ്പത്തിക സേവനങ്ങള്‍ ഉറപ്പാക്കാന്‍ വേണ്ടിയാണ് ചൈന നടത്തുന്നത്. തദ്ദേശീയ മേഖലകളില്‍ വളര്‍ച്ച ഇപ്പോഴും മന്ദഗതിയില്‍ത്തന്നെയെന്ന് ഐഎംഎഫ് ചൂണ്ടിക്കാട്ടി.

ഉത്പാദനക്ഷമത വര്‍ധിച്ചെങ്കിലും ആഗോള നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈന പിന്നിലാണ്. പുതിയ കാലത്ത് സാധാരണ വ്യാപാര മാര്‍ഗങ്ങളിലൂടെയും വിദേശ നിക്ഷേപങ്ങളിലുടെയും ഉത്പാദനക്ഷമത കൂട്ടാമെന്ന ചൈനയുടെ ആലോചന തിരിച്ചടിയാകുമെന്നും ഐഎംഎഫ് സൂചിപ്പിക്കുന്നു. ഇതേസമയം, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ചൈന നല്‍കുന്ന സഹായപിന്തുകള്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്ന് ഐഎംഎഫ് വ്യക്തമാക്കി. നിലവില്‍ അമേരിക്ക കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് ചൈന.

Related Articles

© 2025 Financial Views. All Rights Reserved