
യുഎസ്-ചൈനാ വ്യാപാര തര്‍ക്കത്തില്‍ സമാധാനം പുലരണമെന്ന് വ്യക്തമാക്കി ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീയവെ രംഗത്ത്. സമ്പൂര്‍ണ വ്യാപാര സമാധനത്തിലേക്ക് ഇരുരാജ്യങ്ങളും നീങ്ങണമെന്നാണ് ഐഎംഎഫ് മേധാവി ഇപ്പോള്‍ വ്യക്തമാക്കിയത്. വാഷിങ് ടണ്ണും ബെയ്ജിങും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കം ചെറിയ രീതിയിലെങ്കിലും അയഞ്ഞത്. അതേസമയം വ്യാപാര യുദ്ധം ആഗോള സാമ്പത്തിക മേഖലയെ ഗുരുതരമായി ബാധിക്കുമെന്നാണ് അന്താരാഷ്ട്ര വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇരുരാജ്യങ്ങളും തീരുവ ഈടാക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാണ് നിലവില്‍ ഉയര്‍ന്നുവരുന്ന പ്രധാന ആവശ്യം.
അതേസമയം വ്യാപാര യുദ്ധം ശക്തമായതിനെ തുടര്‍ന്ന് സെപ്റ്റംബറിലവസാനിച്ച പാദത്തില്‍ ചൈനയുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞ നിരക്കിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്.ആഭ്യന്തര ഉത്പ്പാദനത്തില്‍ രൂപപ്പെട്ട ഏറ്റക്കുറച്ചിലുമാണ് ചൈനയുടെ വളര്‍ച്ചാ നിരക്ക് 27 വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തിയത്. സെപ്റ്റംബറിലസാനിച്ച പാദത്തില്‍ ചൈനയുടെ വളര്‍ച്ചാ നിരക്ക് ആറ് ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 1992 ന് ശേഷം ചൈനയുടെ വളര്‍ച്ചയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ നിരക്കാണിത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കം മൂലം ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന അഭിപ്രായവും ശക്തമായിട്ടുണ്ട്. വളര്‍ച്ചാ നിരക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 0.8 ശതമാനം കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്. വ്യാപാര തര്‍ക്കം ഏഷ്യന്‍ പസഫിക് മേഖലയിലെ കയറ്റുമതി ഇറക്കുമതി വ്യാപാരത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.