ഐഎംപിഎസ് ഇടപാട് പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തി റിസര്‍വ് ബാങ്ക്

October 08, 2021 |
|
News

                  ഐഎംപിഎസ് ഇടപാട് പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തി റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി:  ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് എളുപ്പം ഫണ്ട് കൈമാറാന്‍ സാധിക്കുന്ന ഐഎംപിഎസ് സംവിധാനത്തിന്റെ ഇടപാട് പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്. നിലവില്‍ രണ്ടുലക്ഷം രൂപ വരെ മാത്രമേ ഒറ്റ ഇടപാടില്‍ കൈമാറാന്‍ സാധിക്കൂ. ഇത് അഞ്ചുലക്ഷം രൂപ വരെ ഉയര്‍ത്താനാണ് റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയസമിതി തീരുമാനിച്ചത്.

2010ലാണ് പണം വേഗത്തില്‍ കൈമാറാന്‍ സാധിക്കുന്ന ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനമായ ഐഎംപിഎസ് സംവിധാനം ആരംഭിച്ചത്. മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎം, എസ്എംഎസ് തുടങ്ങി വിവിധ വഴികളിലൂടെ ഫണ്ട് കൈമാറ്റം നടത്താന്‍ സഹായിക്കുന്ന സംവിധാനമാണ് ഐഎംപിഎസ്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്.

ഐഎംപിഎസ് വഴിയുള്ള ഫണ്ട് കൈമാറ്റം സുരക്ഷിതമാണ്. സാമ്പത്തികമായി ഏറെ ലാഭകരവും ആണ്. അതിനാല്‍ ഫണ്ട് കൈമാറ്റത്തിന് മുഖ്യമായി ആശ്രയിക്കുന്ന സംവിധാനമാണിത്. അതിനിടെ പണപ്പെരുപ്പ നിരക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ മുഖ്യപലിശനിരക്കുകളില്‍ മാറ്റം വരുത്തേണ്ട എന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പകള്‍ക്കുള്ള പലിശനിരക്കായ റിപ്പോ നാലുശതമാനമായി തുടരും. റിസര്‍വ് ബാങ്കിലുള്ള നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായി തുടരുമെന്നും പുതിയ വായ്പ നയ പ്രഖ്യാപനത്തില്‍ പറയുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കൂടുന്നതും സവാളയുടെ വില ഉയരുന്നതും റിസര്‍വ് ബാങ്ക് നിരീക്ഷിച്ചുവരികയാണ്. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

Related Articles

© 2025 Financial Views. All Rights Reserved