വാഹനവിപണി വളര്‍ച്ചയ്ക്ക് ഏപ്രില്‍ വരെ കാത്തിരിക്കണം: ടാറ്റാമേധാവി മായങ്ക് പരീഖ്

December 10, 2019 |
|
News

                  വാഹനവിപണി വളര്‍ച്ചയ്ക്ക് ഏപ്രില്‍ വരെ കാത്തിരിക്കണം: ടാറ്റാമേധാവി മായങ്ക് പരീഖ്

കൊച്ചി: ഇന്ത്യന്‍ വാഹനവിപണി 2020 ഏപ്രില്‍ മാസത്തോടെ വളര്‍ച്ചിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹനവിഭാഗം മേധാവി മായങ്ക് പരീഖ്. ഈ സാമ്പത്തിക വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെയുള്ള പാദത്തില്‍ വില്‍പ്പനയില്‍ വളര്‍ച്ച കണ്ടുതുടങ്ങും. അതിവേഗത്തിലെത്താന്‍ പിന്നെയും സമയമെടുക്കുമെന്നും അദേഹം അഭിപ്രായപ്പെട്ടു. നിലവില്‍ കമ്പനികളില്‍ നിന്ന് ഷോറൂമുകളിലേക്കുള്ള വില്‍പ്പനയില്‍ ഇടിവാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കുള്ള വില്‍പ്പനയില്‍ ആശാവഹമായ പുരോഗതിയുണ്ട്. പലവിധത്തിലുള്ള അനിശ്ചിതത്വങ്ങള്‍ വാഹനവിപണിയെ ഗുരുതരമായി ബാധിച്ചുവെന്നും അദേഹം വ്യക്തമാക്കി. ചരക്ക് സേവന നികുതി നിരക്കുകള്‍ കുറയുമെന്ന പ്രചരണം വര്‍ഷാരംഭത്തിലെ വളര്‍ച്ചയെ വലിയതോതിലാണ് ബാധിച്ചത്.

ഗണേശ ചതുര്‍ത്ഥി ദിനങ്ങളില്‍ ഈ പ്രവചനം കാരണം ടാറ്റയ്ക്ക്  ക്യാന്‍സലായത് ആയിരം വില്‍പ്പനയാണ്. ബിഎസ്-4,ബിഎസ് 6 ചട്ടങ്ങളും തിരിച്ചടിയായി. വായ്പാലഭ്യതയിലെ ഇടിവ് വലിയൊരു വിഭാഗം ഉപഭോക്താക്കളെയും പിണക്കുകയായിരുന്നു. ഏപ്രില്‍ മുതല്‍ വളര്‍ച്ചയിലേക്ക് വാഹനവിപണി വീണ്ടും തിരിച്ചെത്തുമെന്നാണ് തങ്ങളുടെ കണക്ക് കൂട്ടലെന്നും മായങ്ക് പരീഖ് പറഞ്ഞു. ജിഎസ്ടിയും നോട്ട്‌നിരോധനവും സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ വാഹനവിപണിയെ വന്‍തോതിലാണ് ബാധിച്ചത്. പല കമ്പനികളുടെയും വില്‍പ്പനയില്‍ ഈവര്‍ഷം വന്‍ ഇടിവാണ് നേരിട്ടത്. ഓഫറുകള്‍ പ്രഖ്യാപിച്ചും പുതിയ സ്ട്രാറ്റജികള്‍ നടപ്പാക്കിയും പിടിച്ചുനില്‍ക്കാന്‍ കമ്പനികള്‍ ശ്രമിക്കുന്നതിനിടെ ജിഎസ്ടി തുടങ്ങിയ സര്‍ക്കാര്‍ നയങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഭ്യൂഹങ്ങളും വാഹനവിപണിക്ക് തിരിച്ചടിയായെന്നാണ് മായങ്ക് പരീഖ് വ്യക്തമാക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved