വായ്പാ മൊറട്ടോറിയം നീട്ടുന്നത് റിസര്‍വ് ബാങ്കുമായി കൂടിയാലോചിക്കുന്നതായി നിര്‍മല സീതാരാമന്‍

July 31, 2020 |
|
News

                  വായ്പാ മൊറട്ടോറിയം നീട്ടുന്നത് റിസര്‍വ് ബാങ്കുമായി കൂടിയാലോചിക്കുന്നതായി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: വായ്പാ മൊറട്ടോറിയം നീട്ടുക, വായ്പകള്‍ പുന:സംഘടിപ്പിക്കുക എന്നിവ സംബന്ധിച്ച് ധനമന്ത്രാലയം റിസര്‍വ് ബാങ്കുമായി കൂടിയാലോചനകള്‍ നടത്തി വരുകയാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഹോസ്പിറ്റാലിറ്റി മേഖലയുടെ ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് ധനമന്ത്രി പ്രതികരിച്ചത്.

'മൊറട്ടോറിയം വിപുലീകരണം, വായ്പാ പുന: സംഘടന എന്നിവ സംബന്ധിച്ച ഹോസ്പിറ്റാലിറ്റി മേഖലയുടെ ആവശ്യകതകള്‍ ഞാന്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നു. ഞങ്ങള്‍ ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്കുമായി കൂടിയാലോചനകള്‍ നടത്തി വരുകയാണ്, ''വ്യവസായ ചേംബര്‍ അംഗങ്ങളായ ഫിച്ചിയെ അഭിസംബോധന ചെയ്തുകൊണ്ട് നിര്‍മല സീതാരാമന്‍ പറഞ്ഞു.

വികസന ധനകാര്യ സ്ഥാപനം ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വ്യക്തമാക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. കിട്ടാക്കട പ്രതിസന്ധിയില്‍ പൊരുതുന്ന ബാങ്കുകള്‍ക്ക് ധനസഹായം നല്‍കാന്‍ കഴിയില്ലെന്നതിനാല്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ വ്യവസായ മേഖല പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് നേരത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. അടിയന്തര ക്രെഡിറ്റ് സൗകര്യത്തിന് കീഴിലുള്ള എംഎസ്എംഇകള്‍ക്ക് വായ്പ നിരസിക്കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ലെന്നും സീതാരാമന്‍ പറഞ്ഞു. 'നിരസിക്കുകയാണെങ്കില്‍, അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടണം. ഞാന്‍ അത് പരിശോധിക്കും,' അവര്‍ പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved