തൊഴില്‍ ചൂഷണം: കേരളത്തിലെ സൊമാറ്റോ ജീവനക്കാര്‍ സമരത്തിലേക്ക്

March 15, 2022 |
|
News

                  തൊഴില്‍ ചൂഷണം: കേരളത്തിലെ സൊമാറ്റോ ജീവനക്കാര്‍ സമരത്തിലേക്ക്

കൊച്ചി: കേരളത്തിലെ സൊമാറ്റോ ജീവനക്കാര്‍ സമരത്തിലേക്ക്. ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലും സമയമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നതുള്‍പ്പെടെയുള്ള കാരണങ്ങള്‍ചൂണ്ടിക്കാട്ടിയാണ് ഈ സമരം. ന്യായമായ വേതനം നല്‍കണമെന്ന ആവശ്യവും ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്. കമ്പനി ജീവനക്കാര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു എന്നും ആരോപണമുണ്ട്. പുതിയ ബുക്കിങ് രീതിയനുസരിച്ച് ഇടവേളയില്ലാതെ 15 മണിക്കൂര്‍ വരെ ജീവനക്കാര്‍ക്ക് ജോലി ചെയ്യേണ്ടതായി വരുന്നു. 2022 മുതല്‍ 400 രൂപയാണ് ഒരു ദിവസം നല്‍കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സൊമാറ്റോ ജീവനക്കാരുടെ സമരം.

കമ്പനിയില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ പേരില്‍ തങ്ങളുടെ വേതനം വെട്ടിക്കുറച്ചെന്നും മറ്റും ചൂണ്ടിക്കാട്ടി ജീവനക്കാര്‍ സംസ്ഥാന തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് പരാതി നല്‍കിയിരുന്നു. തിരുവനന്തപുരത്തെ ഒരു വിഭാഗം സൊമാറ്റോ ഡെലിവറി പങ്കാളികള്‍ ഉള്‍പ്പെടെയാണ് കമ്പനിയുടെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത്. വരുമാനം കുറഞ്ഞെന്ന് മാത്രമല്ല പരാതിപ്പെട്ടാല്‍ ജീവനക്കാരുടെ ഐഡി ബ്ലോക്ക് ചെയ്യുമെന്ന പ്രശ്‌നം ഉള്‍പ്പെടെ ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ നേരം ജോലി ചെയ്യേണ്ടി വരുന്നതനുസരിച്ച് വരുമാനം ഇല്ല എന്നു മാത്രമല്ല വിശ്രമിക്കാന്‍ പോലും അവസരവുമില്ല.

നാല് വര്‍ഷം മുമ്പാണ് സൊമാറ്റോ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നാലു വര്‍ഷം മുമ്പുണ്ടായിരുന്ന അതേ വരുമാനമാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നത്. പരിഷ്‌കാരങ്ങളുടെ പേരില്‍ വേതനം കുറച്ചു. ഇപ്പോള്‍ ഞങ്ങള്‍ക്ക് ജോലി ചെയ്യാന്‍ സ്വന്തം കയ്യില്‍ നിന്ന് പണം ചെലവഴിക്കേണ്ടിവരുന്ന അവസ്ഥയാണെന്ന് ജീവനക്കാര്‍ പറയുന്നു.

ജീവനക്കാര്‍ക്ക് അവരുടെ ആശങ്കകള്‍ അറിയിക്കാന്‍ കഴിയുന്ന ഉത്തരവാദിത്തമുള്ള ഒരു വ്യക്തി ഇല്ലെന്നതും പ്രതിസന്ധിയാണ്. ഡെലിവറി പങ്കാളികള്‍ക്ക് പരാതികള്‍ക്കായി ആരെയാണ് ബന്ധപ്പെടേണ്ടതെന്ന് ധാരണയുമില്ല. കമ്പനി നടപടിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന് ഭീഷണിയുണ്ടായി. ആനുകൂല്യങ്ങള്‍ കുറയ്ക്കാനാണ് കമ്പനി ശ്രമിക്കുന്നത്. കമ്പനിയില്‍ മുഴുവന്‍ സമയവും പാര്‍ട്ട് ടൈം ജോലിക്കാരുമുണ്ട്. മുഴുവന്‍ സമയവും ജോലി ചെയ്യുന്നവരില്‍ പലരും രോഗികളും അംഗവൈകല്യമുള്ളവരുമൊക്കെയാണെന്നും ഇതൊന്നും വക വയ്ക്കാതെയാണ് ഈ തൊഴില്‍ ചൂഷണമെന്നും ജീവനക്കാര്‍ പരാതിയില്‍ പറയുന്നു.

Read more topics: # ZOMATO, # സൊമാറ്റോ,

Related Articles

© 2025 Financial Views. All Rights Reserved