
ക്രിപ്റ്റോകറന്‍സിയുടെ വ്യാപാര വിശദാംശങ്ങള്‍ നല്‍കണമെന്ന് എക്സ്ചേഞ്ചുകളോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. തുടര്‍ച്ചയായി മൂല്യമിടിയുന്ന സമയത്ത് വകുപ്പിന്റെ നടപടി നിക്ഷേപകര്‍ക്ക് തിരിച്ചടിയായി. ക്രിപ്റ്റോകറന്‍സികളുടെ വില, ഇടപാട് നടന്ന സമയം, എണ്ണം എന്നിവ അന്വേഷിക്കുന്നതിനായി ലഡ്ജറുകളിലെ ഇടപാട് വിവരങ്ങളെക്കുറിച്ചറിയാനാണ് മൂന്ന് എക്സ്ചേഞ്ചുകള്‍ക്ക് ഐടി വകുപ്പ് നോട്ടീസ് അയച്ചത്.
ബിറ്റ്കോയിന്റെ മൂല്യം എക്കാലത്തേയും ഉയര്‍ന്ന നിലവാരത്തിലെത്തിയപ്പോള്‍ 2017ലും ഐടി വകുപ്പ് എക്സ്ചേഞ്ചുകള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. അതേസമയം, ഇത്തവണത്തെ പരിശോധന ഇടപാടുകാരുടെ വിശദാംശങ്ങള്‍ ശേഖരിക്കാനാണെന്നാണ് സൂചന. സ്റ്റോക് എക്സ്ചേഞ്ചുകളില്‍ ഇടനിലക്കാര്‍വഴിയാണ് ഇടപാട് നടക്കന്നത്. എന്നാല്‍ ക്രിപ്റ്റോകറന്‍സികളുടെ ഇടപാടുകള്‍ എക്സ്ചേഞ്ചുകള്‍വഴി നേരിട്ടാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇടപാടുകാരുടെ വിവരങ്ങള്‍ ലഭിക്കാനുള്ള ഏക ഉറവിടവും ഇത്തരം എക്സ്ചേഞ്ചുകളാണ്.
ക്രിപ്റ്റോകറന്‍സികള്‍ വില്‍ക്കുമ്പോള്‍ പണം ബാങ്കിലേക്ക് കൈമാറാതെ വിലകുറയുമ്പോള്‍ വീണ്ടുംവാങ്ങുന്നരീതി ഇടപാടുകാരില്‍ പലരും സ്വീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇടപാടില്‍നിന്നുള്ള നേട്ടംകണക്കാക്കാന്‍ കഴിയാത്തതിനാല്‍ നികുതി ഈടാക്കുന്നതിന് പരിമിതികളുണ്ട്. ഇടപാട് നടന്നാല്‍ പണം ബാങ്കിലേക്ക് മാറ്റാന്‍ ആദായനികുതി വകുപ്പ് എക്സ്ചേഞ്ചുകള്‍ക്ക് നിര്‍ദേശം നല്‍കിയേക്കുമെന്ന് അറിയുന്നു. സെക്യൂരിറ്റീസ് ആക്ടിനുകീഴില്‍വരാത്തതിനാല്‍ ക്രിപ്റ്റോ കറന്‍സിയുടെ വില്പനക്ക് 30 ശതമാനം നികുതി നല്‍കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.