
ന്യൂഡല്‍ഹി: ഉറവിടത്തില്‍ നിന്ന് നികുതി (ടിഡിഎസ്) കിഴിവുചെയ്യുന്നത് എളുപ്പമാക്കുന്നതിന് ആദായ നികുതി വകുപ്പ് ഓണ്‍ലൈന്‍ കാല്‍ക്കുലേറ്റര്‍ പുറത്തിറക്കി. സെക്ഷന്‍ 194 എന്‍ പ്രകാരം നികുതി ടിഡിഎസ് കണക്കാക്കുന്നതിന് ആദായ നികുതിവകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടലിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. പോര്‍ട്ടലിലെ ലിങ്കില്‍ പ്രവേശിച്ച് പാനും മൊബൈലില്‍ ലഭിക്കുന്ന ഒടിപിയും ചേര്‍ത്താല്‍ ടിഡിഎസ് കണക്കാക്കാന്‍ കഴിയും.
ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍, പോസ്റ്റോഫീസുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇത് ഉപകരിക്കും. ടിഡിഎസുമായി ബന്ധപ്പെട്ടപുതിയ നിയമങ്ങള്‍ ഈമാസംമുതലാണ് പ്രാബല്യത്തിലായത്. പണമിടപാടുകള്‍ നിരുത്സാഹപ്പെടുത്തുന്നതിനും കറന്‍സി രഹിത സമ്പദ് വ്യവസ്ഥയിലേയ്ക്ക് മാറുന്നതിന്റെയും ഭാഗമായാണ് ആദായ നികുതി നിയമത്തില്‍ സെക്ഷന്‍ 194 എന്‍ എന്ന വകുപ്പ് ചേര്‍ത്തത്. പുതിയ ചട്ടപ്രകാരം ഒരുകോടി രൂപയ്ക്കുമുകളില്‍ പണമായി (സാമ്പത്തികവര്‍ഷം) ധനകാര്യ സ്ഥാപനങ്ങളില്‍നിന്നോ സഹകരണ ബാങ്ക്, പോസ്റ്റോഫീസ് തുടങ്ങിയവിടങ്ങളില്‍നിന്നോ പിന്‍വലിക്കുമ്പോള്‍ രണ്ടുശതമാനം ടിഡിഎസ് ഈടാക്കാന്‍ വ്യവസ്ഥചെയ്യുന്നു.
ജൂലായ് ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തിലായത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ആദായ നികുതി ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍ 20 ലക്ഷം രൂപമുതല്‍ ഒരുകോടി രൂപവരെ പണമായി പിന്‍വലിച്ചാല്‍ രണ്ടുശതമാനമാണ് ടിഡിഎസ് ഈടാക്കുക. ഒരുകോടി രൂപയ്ക്കുമുകളിലാണെങ്കില്‍ അഞ്ചുശതമാനവും ഉറവിടത്തില്‍നിന്ന് നികുതി കിഴിച്ചുള്ളതുകയാണ് നല്‍കുക. മൂന്നുവര്‍ഷം തുടര്‍ച്ചയായി ആദായ നികുതി റിട്ടേണ്‍ നല്‍കിയവര്‍ക്ക് ഒരു കോടി രൂപയോ അതിനുമുകളിലോ പണമായി പിന്‍വലിക്കുന്നതിന് ടിഡിഎസ് ഇല്ല.