
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപ വായ്പ എടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിയുടെ വസതിയില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പിടിച്ചെടുത്ത 68 പെയിന്റിങുകള്‍ ആദായനികുതി വകുപ്പ് ലേലം ചെയ്തു. ലേലത്തിലൂടെ ആദായനികുതി വകുപ്പിന് ലഭിച്ചത് 55 കോടി രൂപ. സ്ഥാപനങ്ങളില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ ലേലത്തിന് വിടുമെന്ന് ആദായനികുതി വകുപ്പ് നേരത്തെ പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ ഇക്കാര്യം വ്യക്തമായി റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. പ്രശസ്ത ചിത്രകാരന്‍മാരുടെ ചിത്രങ്ങളെല്ലാം ലേലത്തിലൂടെ വന്‍ തുകയാണ് നേടിയത്.
16.10 കോടി രൂപയ്ക്കാണ് രവിവര്‍മ്മ ചിത്രങ്ങള്‍ ലേലത്തിലൂടെ വിറ്റഴിച്ചത്. രവിവര്‍മയുടെ ഏറ്റവും മനോഹരമായ ചിത്രമായിരുന്നു അത്. ബക്കിംഹാമിലെ മൂന്നാമത്തെ ആര്‍ച്ച്ഡ്യൂക്കിനെ തിരുവിതാംകൂര്‍ രാജാവ് വരവേല്‍പ് നല്‍കുന്ന ചിത്രമായിരുന്നു ലേലത്തിലൂടെ വന്‍ തുക നേടിയത്. 1881ലാണ് രവിവര്‍മ ഈ ചിത്രം വരച്ചതെന്നാണ് കരുതുന്നത്. നീരവ് മോദിയുടെ സ്വത്തുക്കളെല്ലാം കണ്ടെടുത്ത് ലേലത്തിന് വിടാനാണ് ആദായ നികുതി വകുപ്പിന്റെ പുതിയ തീരുമാനം. ആഢംബര വാഹനങ്ങളും, ചിത്രങ്ങളുമെല്ലാം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മിന്നല്‍ പരിശോധനയിലൂടെയാണ് കണ്ടെടുത്തത്.