സമയപരിധി കഴിഞ്ഞു; ഇനിയും തകരാറുകള്‍ പൂര്‍ണമായും പരിഹരിക്കാതെ ആദായനികുതി പോര്‍ട്ടല്‍

September 16, 2021 |
|
News

                  സമയപരിധി കഴിഞ്ഞു; ഇനിയും തകരാറുകള്‍ പൂര്‍ണമായും പരിഹരിക്കാതെ ആദായനികുതി പോര്‍ട്ടല്‍

സര്‍ക്കാര്‍ അനുവദിച്ച സമയപരിധി ബുധനാഴ്ച അവസാനിച്ചിട്ടും പുതിയ ആദായനികുതി ഇ-ഫയലിങ് പോര്‍ട്ടലിലെ തകരാറുകള്‍ പൂര്‍ണമായും പരിഹരിക്കാനായില്ല. പോര്‍ട്ടലില്‍ ഇപ്പോഴും തകരാറുകളുണ്ടെന്ന് നികുതി വിദഗ്ധര്‍ പറയുന്നു. നല്‍കിയ റിട്ടേണില്‍ തിരുത്തല്‍വരുത്താനും റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാനും റീഫണ്ടിനായി വീണ്ടും അപേക്ഷിക്കാനും ഇപ്പോഴും കഴിയുന്നില്ല. 2013-14 അസസ്മെന്റ് വര്‍ഷത്തിനുമുമ്പ് ഫയല്‍ചെയ്ത റിട്ടേണുകള്‍ കാണാന്‍ കഴിയുന്നുമില്ല.

ജൂണ്‍ ഏഴിനാണ് പുതുതലമുറ ഇ-ഫയലിങ് പോര്‍ട്ടല്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് നികുതിദായകരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ ഉള്‍പ്പടെയുള്ള നികുതി വിദഗ്ധരും നിരവധിതവണ തകരാറുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. തകരാറുകള്‍ പരിഹരിച്ചുവരികയാണെന്നും അതേസമയം, 1.19 കോടി പേര്‍ ഇതിനകം റിട്ടേണ്‍ നല്‍കിയെന്നും സെപ്റ്റംബര്‍ 8ന് ആദായനികുതി വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

പിന്നീടും തുടര്‍ച്ചയായി തകരാര്‍ നേരിട്ടതോടെ ഓഗസ്റ്റ് 23ന് ധനമന്ത്രാലയം ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖിനെ വിളിച്ചുവരുത്തി. ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തകരാറുകള്‍ പരിഹരിക്കാന്‍ സെപ്റ്റംബര്‍ 15വരെ സമയം അനുവദിക്കുകയുംചെയ്തു. പോര്‍ട്ടല്‍ വികസിപ്പിക്കാന്‍ 2019ലാണ് ഇന്‍ഫോസിസിന് കരാര്‍ നല്‍കിയത്.

Related Articles

© 2025 Financial Views. All Rights Reserved