
ഡല്‍ഹി: 2018-19 സാമ്പത്തിക വര്‍ഷം ലഭിച്ച വരുമാന നികുതി സംബന്ധിച്ചുള്ള ആദായ നികുതി റിട്ടേണ്‍ ഓഗസ്റ്റ് 31 വരെ സമര്‍പ്പിക്കാം. ജൂലൈ 31നകം ഇത് അടയ്ക്കണമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും തൊഴിലുടമകള്‍ സ്രോതസ്സില്‍ നികുതി പിടിക്കുന്നതിന്റെ വിശദ രേഖയായ ഫോം 16 തൊഴിലാളികള്‍ക്കു നല്‍കാനുള്ള സമയപരിധി 25 ദിവസം നീട്ടി ജൂലൈ 10 ആക്കിയിരുന്നു. ഈ കാലതാമസം കാരണം പലര്‍ക്കും ഈ 31ന് മുന്‍പു റിട്ടേണ്‍ സമര്‍പ്പിക്കാനാവില്ലെന്നു പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സമയം നീട്ടിനല്‍കുന്നതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു.
ഇത്തവണ ഇ-റിട്ടേണ്‍ സമര്‍പ്പിക്കാനായി ലോഗിന്‍ ചെയ്യുമ്പോള്‍ വിവരങ്ങള്‍ മുന്‍കൂട്ടി അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ഇത് കൃത്യമായി പരിശോധിക്കണം. വിട്ടുപോയവ ചേര്‍ക്കണമെന്ന് നികുതി വകുപ്പ് നിഷ്‌കര്‍ഷിക്കുന്നു. മാത്രമല്ല, ചിലപ്പോള്‍ നികുതി കിഴിവിനുള്ള പലതും ഇതില്‍ ഉള്‍പ്പെടുത്താതെ വിട്ടുപോയിട്ടുമുണ്ടാകാം. സമയം കഴിഞ്ഞാല്‍ നിര്‍ദിഷ്ട സമയം കഴിഞ്ഞാലും നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് തടസ്സമില്ല. 'വൈകി സമര്‍പ്പിക്കുന്നു' എന്നു രേഖപ്പെടുത്തി 2020 മാര്‍ച്ച് 31 വരെ റിട്ടേണ്‍ നല്‍കാന്‍ അവസരമുണ്ട്. എന്നാല്‍, അതുവരെ നികുതിക്ക് പലിശയും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയതിന് പിഴയും നല്‍കണം.
ഡിസംബര്‍ 31-നുമുമ്പാണ് റിട്ടേണ്‍ നല്‍കുന്നതെങ്കില്‍ 5000 രൂപയാണ് പിഴ. അതിനുശേഷം മാര്‍ച്ച് 31 വരെയുള്ളതിന് 10,000 രൂപയും. അഞ്ചു ലക്ഷത്തില്‍ താഴെയാണ് ആകെ വരുമാനമെങ്കില്‍ പിഴ ആയിരം രൂപയില്‍ കൂടില്ല. നികുതി അധികമായി അടയ്ക്കാനില്ലെങ്കിലും പിഴയും പലിശയും ഈടാക്കും. റിട്ടേണ്‍ ലഭിക്കാനുണ്ടെങ്കില്‍ അതിന് നികുതി വകുപ്പു നല്‍കുന്ന പലിശ ലഭിക്കുകയുമില്ല.
ഇ-റിട്ടേണ്‍ നല്‍കുന്ന സമയത്തോ പിന്നീടോ നികുതിദായകന് ഇ-വെരിഫിക്കേഷന്‍ നടത്താം. അതിനായി ഇന്‍കം ടാക്‌സ് വെബ് സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത ശേഷം 'ഇ-ഫയല്‍ ഇ-വെരിഫൈ' റിട്ടേണ്‍ ഓപ്ഷനില്‍ ക്ലിക് ചെയ്യുക. താഴെ പറയുന്ന രീതികളില്‍ ഏതെങ്കിലുമൊന്ന് വഴി ഇ-വെരിഫിക്കേഷന്‍ നടത്താം:
1. ആദായനികുതി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈലിലും ഇ-മെയിലിലും ലഭിക്കുന്ന പത്തക്ക ഇലക്ട്രോണിക് വെരിഫിക്കേഷന്‍ കോഡ് (ഇ.വി.സി.) വഴി. ഈ കോഡിന് 72 മണിക്കൂര്‍ കാലാവധിയുണ്ട്.
2. ആധാര്‍ ഒ.ടി.പി. (വണ്‍ ടൈം പാസ്വേഡ്)
3. നെറ്റ് ബാങ്കിങ് വഴി ലോഗ് ഇന്‍ ചെയ്ത് ഇ-വെരിഫൈ ചെയ്യാം.
4. ബാങ്ക് അക്കൗണ്ട് നമ്പര്‍ വഴി ഇ.വി.സി. ജനറേറ്റ് ചെയ്ത് ഇ-വെരിഫൈ ചെയ്യാം.
5. ഡി-മാറ്റ് അക്കൗണ്ട് നമ്പര്‍ വഴി ഇ.വി.സി. ജനറേറ്റ് ചെയ്ത് ഇ-വെരിഫൈ ചെയ്യാം.
6. ബാങ്ക് എ.ടി.എം. വഴി ഇ.വി.സി. ജനറേറ്റ് ചെയ്ത് ഇ-വെരിഫൈ ചെയ്യാം.
ഇ-റിട്ടേണ്‍ നടത്തുന്ന സമയത്ത് വെരിഫിക്കേഷന്‍ നടത്താന്‍:
* ആദായ നികുതി വെബ് സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യുക.
* ക്ലിക്ക് ഇ-ഫയല്‍.
* സെലക്ട് അപ്ലോഡ് റിട്ടേണ്‍.
* അസസ്മെന്റ് വര്‍ഷം, ഐ.ടി.ആര്‍. ഫോം നമ്പര്‍ എന്നിവ തിരഞ്ഞെടുക്കുക.
* എക്‌സ്.എം.എല്‍. ഫയല്‍ അപ്ലോഡ് ചെയ്യുക.
അപ്പോള്‍ നാല് ഓപ്ഷന്‍ ലഭിക്കും:
1. ഇ.വി.സി. ഉണ്ട്. റിട്ടേണ്‍ വെരിഫൈ ചെയ്യുക.
2. ഇ.വി.സി ഇല്ല. ഇ.വി.സി. ജനറേറ്റ് ചെയ്ത് ഇ-വെരിഫൈ ചെയ്യുക.
3. ആധാര്‍ ഒ.ടി.പി. ജനറേറ്റ് ചെയ്ത് ഇ-വെരിഫൈ ചെയ്യുക.
4. ഐ.ടി.ആര്‍.-വി പ്രിന്റ് ചെയ്ത് സി.പി.സി.ക്ക് അയയ്ക്കുക. അല്ലെങ്കില്‍, പിന്നീട് ഇ-വെരിഫൈ ചെയ്യുക.
പിന്നീട് വെരിഫിക്കേഷന്‍ നടത്താന്‍:
* ആദായ നികുതി വെബ് സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യുക.
* ഇ-ഫയല്‍ ക്ലിക്ക് ചെയ്യുക.
* ഇ-വെരിഫൈ റിട്ടേണ്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ മുകളില്‍ പറഞ്ഞ നാല് ഓപ്ഷന്‍ ലഭിക്കും.
1. ഇ.വി.സി. ഉണ്ട്: റിട്ടേണ്‍ വെരിഫൈ ചെയ്യുക: നേരത്തെ ജനറേറ്റ് ചെയ്ത് ഇ.വി.സി. കോഡ് അടിച്ച് സബ്്മിറ്റ് ചെയ്യുക. വെരിഫിക്കേഷന്‍ പൂര്‍ത്തിയായി. 2. ഇ.വി.സി. ഇല്ല: ഇ.വി.സി. ജനറേറ്റ് ചെയ്ത് ഇ-വെരിഫൈ ചെയ്യുക.