
ഈ വര്‍ഷം ഒന്‍പത് മാസം കൊണ്ട് രാജ്യത്ത് ഉയര്‍ന്നു വന്നത് 28 സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍. ഇതോടെ രാജ്യത്ത് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 66 ആയെന്ന് ദി നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വെയര്‍ ആന്റ് സര്‍വീസ് കമ്പനീസ് (നാസ്‌കോം). 2020 ല്‍ 38 യൂണികോണ്‍ കമ്പനികളാണ് രാജ്യത്ത് ഉണ്ടായത്. ഇത്തവണ അത് മറികടക്കാനാകുമെന്നാണ് കരുതപ്പെടുന്നത്. ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളെ യൂണികോണ്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
66 യൂണികോണ്‍ കമ്പനികളുടെ സഞ്ചിത വരുമാനം 15 ശതകോടി ഡോളറിലേറെയാണ്. 3.3 ലക്ഷത്തിലേറെ പേര്‍ക്ക് തൊഴിലും ഇവ നല്‍കുന്നുണ്ടെന്ന് നാസ്‌കോം ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. ഈ കമ്പനികളെല്ലാം കൂടി ഇതുവരെ 51 ശതകോടി ഡോളറിലേറെ ഫണ്ടിംഗ് നേടിയിട്ടുണ്ട്. 18 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ 1 ബില്യണ്‍ ഡോളറിലേറെയാണ് നേടിയത്. ഈ സ്റ്റാര്‍ട്ടപ്പുകളില്‍ 75 ശതമാനവും 2010 ന് ശേഷം പിറവിയെടുത്തവയാണ്. രാജ്യത്തെ യൂണികോണ്‍ കമ്പനികളില്‍ കൂടുതലും ഇ കൊമേഴ്സ്, എസ്എഎഎസ് (ടീളംേമൃല മ െമ ലെൃ്ശരല), ഫിന്‍ടെക് കമ്പനികളാണ്. ആകെയുള്ളതില്‍ 60 ശതമാനവും ഈ മേഖലകളില്‍ നിന്നുള്ളവയാണ്. എഡ്ടെക്, ലോജിസ്റ്റിക്സ് മേഖലകളിലും യൂണികോണ്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു.
യൂണികോണ്‍ കമ്പനികളില്‍ പകുതിയും ബിടുബി സേവനങ്ങള്‍ നല്‍കുന്നവയാണെന്നും ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. 24 ശതമാനം ബിടുസി സേവനങ്ങള്‍ നല്‍കുന്നു. യൂണികോണ്‍ കമ്പനികളില്‍ മൂന്നിലൊന്നും പ്രവര്‍ത്തിക്കുന്നത് ബംഗളൂര്‍ കേന്ദ്രീകരിച്ചാണ്. 20 ശതമാനമാകട്ടെ ഡല്‍ഹി-ദേശീയ തലസ്ഥാന നഗരി കേന്ദ്രീകരിച്ചും. 10 ശതകോടി ഡോളറിലേറെ മൂല്യമുള്ള മൂന്ന് ഡെക്കാകോണ്‍ കമ്പനികളും രാജ്യത്തുണ്ട്. മലയാളി കമ്പനിയായ ബൈജൂസ്, പേടിഎം, ഫ്ളിപ്പ്കാര്‍ട്ട് എന്നിവയാണവ.