
ന്യൂഡല്‍ഹി: താലിബാന്‍ ഭരണം പിടിച്ചതോടെ ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള വ്യാപാരബന്ധം മോശമാകും എന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യാപാരി സംഘടന അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മില്‍ 10,000 കോടി രൂപയുടെ വ്യാപാരം ഉണ്ടെന്നും ചേമ്പര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി അഭിപ്രായപ്പെട്ടു.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് 6000 കോടിയുടെ ചരക്കുകള്‍ കയറ്റി അയച്ചു. തിരിച്ചിങ്ങോട്ട് 3800 കോടി രൂപയുടെ സാധനങ്ങള്‍ ഇറക്കുമതി ചെയ്തു. ദക്ഷിണ ഏഷ്യയില്‍ അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഡ്രൈ ഫ്രൂട്ട്‌സ് ഔഷധസസ്യങ്ങള്‍ പഴങ്ങള്‍ തുടങ്ങിയവയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്ന പ്രധാന ഉല്‍പ്പന്നങ്ങള്‍. അതേസമയം ഇന്ത്യയില്‍ നിന്ന് അഫ്ഗാനിലേക്ക് ചായപ്പൊടിയും കാപ്പിപ്പൊടിയും പരുത്തിയും കുരുമുളകുമൊക്കെയാണ് കയറ്റി അയക്കുന്നത്.
ഒരു വ്യാപാര കേന്ദ്രം എന്ന നിലയില്‍ ഡല്‍ഹിയില്‍ നിന്നും മാത്രം അഫ്ഗാനും ആയി ഒരു വര്‍ഷം 1000 കോടിയുടെ വ്യാപാരം നടക്കുന്നുണ്ടെന്നാണ് സി ടി ഐ പറയുന്നത്. ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ നിന്ന് കാബൂളിലേക്കും കണ്ടഹാറിലേക്കും ഇനി തുണിത്തരങ്ങള്‍ അയക്കാന്‍ കഴിഞ്ഞേക്കില്ല എന്ന ഭയത്തിലാണ് വ്യാപാരികള്‍.